കടുത്തുരുത്തിയിലെ വീട്ടിലെ കള്ളനെ പാലായിലിരുന്ന് കണ്ടു; പൊലീസ് ഓടിച്ചിട്ട് പിടികൂടി,

കോട്ടയം: മാതാപിതാക്കള്‍ മാത്രം താമസിക്കുന്ന കടുത്തുരുത്തിയിലെ വീട്ടില്‍ രാത്രി കള്ളനെത്തിയ വിവരം പാലായിലിരുന്ന് മകള്‍ കണ്ടത് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച സി.സി.ടി.വിയിലൂടെ.

രാത്രി 1.30ഓടെയാണ് സംഭവം. ഉടന്‍ തന്നെ അയല്‍വാസിയെ വിവരമറിയിച്ചു. അയല്‍വാസി പൊലീസിനെ വിളിച്ചു. കൃത്യമായി ഇടപെടാന്‍ പൊലീസും തയാറായതോടെ മിനിറ്റുകള്‍ക്കകം കള്ളന്‍ കൈയോടെ പിടിയില്‍.

വിമുക്തഭടനും ഭാര്യയും താമസിക്കുന്ന വീട്ടിലാണ് മോഷണശ്രമം നടന്നത്. ഇവരുടെ മകള്‍ പാലായിലാണ് താമസം. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മകളുടെ ഫോണില്‍ തത്സമയം ലഭിക്കുമായിരുന്നു. രാത്രി ഓണ്‍ലൈന്‍ ജോലികള്‍ തീര്‍ത്ത് കിടക്കാന്‍ പോകുന്ന സമയത്താണ് മകള്‍ സി.സി.ടി.വി പരിശോധിക്കുന്നത്.

സ്ത്രീകളുടെ മാക്സി ധരിച്ച്‌ ഒരാളെത്തുന്നതും സി.സി.ടി.വി മൂടാന്‍ ശ്രമിക്കുന്നതുമാണ് മകള്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസി തലയോലപ്പറമ്ബ് എസ്.ഐ. ജെയ്മോനെ വിളിച്ചു പറഞ്ഞു. വെള്ളൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് വീടെങ്കിലും എസ്.ഐ. ജെയ്മോന്‍ സ്ഥലത്തേക്ക് കുതിച്ചു. ഇതിനിടെ വെള്ളൂര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു.

പൊലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ ഒന്നാംനിലയിലായിരുന്നു മോഷ്ടാവ്. പൊലീസിനെ കണ്ടതും ഇയാള്‍ ചാടിയിറങ്ങി ഓടി. റോഡിലൂടെയും റബര്‍ തോട്ടത്തിലൂടെയും ഓടിയ മോഷ്ടമാവിനെ പൊലീസ് പിന്നാലെ ഓടി കീഴ്പ്പെടുത്തുകയായിരുന്നു.

കീഴൂര്‍ സ്വദേശിയും ഇപ്പോള്‍ ആലപ്പുഴയില്‍ താമസിക്കുന്ന ചിറ്റേത്ത് പുത്തന്‍പുരയില്‍ റോബിന്‍സനാണ് (32) പിടിയിലായത്. സ്ത്രീകളുടെ മാക്സി ധരിച്ചായിരുന്നു മോഷ്ടാവ് എത്തിയത്. ഇയാളില്‍ നിന്ന് വീട് കുത്തിത്തുറക്കാനുള്ള ആയുധം പിടികൂടി. ഇയാളുടെ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

Related posts

Leave a Comment