കൊച്ചി: ഇടവേളക്ക് ശേഷം കേരളത്തിലേക്ക് വീണ്ടും സുനാമി ഇറച്ചിയുടെ ഒഴുക്ക്. തമിഴ്നാട്ടിലെ മധുരയില്‍ നിന്നും ട്രെയിന്‍ മാർഗ്ഗം എറണാകുളം, തൃശ്ശൂർ തുടങ്ങിയ ജില്ലകളിലേക്കാണ് ഇറച്ചി കടത്തുന്നത്.
കൊച്ചിയില്‍ ഇറക്കുന്ന ഇറച്ചി തമ്മനത്തെ മൊത്തവില്‍പ്പന കേന്ദ്രത്തില്‍ എത്തിച്ചാണ് വില്‍പ്പന. നാല് വലിയ പെട്ടികളിലായി കൃത്യമായ ശീതീകരണ സംവിധാനമില്ലാതെയാണ് ഇറച്ചി കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം തമിഴ്നാട്ടില്‍ നിന്നും വരുന്ന ഇറച്ചി എടുക്കാറില്ലെന്നാണ് വ്യാപാരികളുടെ അവകാശവാദം.കൊച്ചിയില്‍ മാത്രമല്ല തൃശ്ശൂരിലും തീവണ്ടി മാർഗ്ഗം സമാനമായ രീതിയില്‍ ഇറച്ചി എത്തിക്കുന്നുണ്ട്.
മൂന്ന് ബോക്സ് ഇറച്ചിയാണ് തൃശ്ശൂർ റെയില്‍ വേ സ്റ്റേഷനില്‍ ഇറക്കിയത്. രാത്രിയോടെ എത്തിയ ഇറച്ചി രാവിലെ 6.15 നാണ് കച്ചവടക്കാർ എത്തി സ്റ്റേഷനില്‍ നിന്നും കൊണ്ടുപോകുന്നത്.
ഒല്ലൂർ ഭാഗത്തെ എടക്കുന്നിയില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തില്‍ ഇറച്ചി എത്തിച്ചാണ് വില്‍പ്പന. ഹോട്ടലുകളിലേക്കും മറ്റുമുള്ള മൊത്ത വിപണനം മാത്രമാണ് ഇവിടെ നടക്കുന്നത്.
യാതൊരു തരത്തിലുള്ള ഭക്ഷ്യ സുരക്ഷ മാർഗ്ഗ നിർദേശങ്ങളും പാലിക്കാതെയാണ് ഇറച്ചിക്കടത്ത്. പരിശോധനയില്‍ റെയില്‍വേയുടേയും ഭക്ഷ്യ സുരക്ഷ വകുപ്പിന്റേയും ഭാഗത്ത് നിന്ന് വലിയ വീഴച്ചയും സംഭവിക്കുന്നു.
പ്രതിദിനം ആയിരക്കണക്കിന് കിലോ ഇറച്ചിയാണ് ഇത്തരത്തില്‍ കേരളത്തിലേക്ക് എത്തുന്നത്. സമാനമായ രീതിയില്‍ നേരത്തേയും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഇറച്ചി കടത്തുന്നതായുള്ള റിപ്പോർട്ടുണ്ടായിരുന്നു.
ദിണ്ടിഗലില്‍ നിന്നായിരുന്നു അന്നത്തെ കടത്ത്.ദിണ്ടിഗലില്‍ നിന്നും ട്രെയിന്‍ മാർഗ്ഗമുള്ള സുനാമി ഇറച്ചിയുടെ വരവ് പരിശോധനയ്ക്ക് വിധേയമായതോടെ ഈ റാക്കറ്റ് മധുര കേന്ദ്രീകരിച്ച് പ്രവർത്തനം മാറ്റുകയായിരുന്നു.
വൈകീട്ട് 4 മണിക്ക് മധുരയില്‍ നിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ് വഴി കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേക്കും ഈ ഇറച്ചി എത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
വീണുകിടക്കുന്നതും അസുഖം ബാധിച്ചതുമായ മാടുകളെ കുറഞ്ഞ വിലയ്ക്ക് വാങ്ങി അറുക്കുന്ന നിരവധി കേന്ദ്രങ്ങള്‍ മധുര റെയില്‍ വേ സ്റ്റേഷന് സമീപത്ത് തന്നെ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തില്‍ മാട്ടിറച്ചിയുടെ വില 350 രൂപയ്ക്ക് മുകളിലാണെങ്കില്‍ മധുരയില്‍ ഇത് 150 മുതല്‍ 200 രൂപവരെയാണ് നിരക്ക്. ഇതോടെ പ്രതിദിനം വലിയ ലാഭമാണ് ഈ റാക്കറ്റ് സ്വന്തമാക്കുന്നതെന്ന് വ്യക്തം.
അറവ് മാടുകളെ അന്യ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കൊണ്ടുവരാന്‍ അവയ്ക്ക് അസുഖം ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ചട്ടം.
ഈ സാഹചര്യത്തിലാണ് റെയില്‍വേയുടേയോ ഭക്ഷ്യ സുരക്ഷ വകുപ്പിന്റേയോ യാതൊരു നടപടികള്‍ക്കും വിധേയമാവാതെ സുനാമി ഇറച്ചിയെത്തുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.