തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. സംസ്ഥാനത്ത് സന്ദർശനത്തിനെത്തുമ്പോൾ പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത് ലഭിച്ചു.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. കത്തിനേക്കുറിച്ച് അന്വേഷണം നടക്കുന്നതായി പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എറണാകുളം സ്വദേശി ജോസഫ് ജോൺ എന്ന വ്യക്തിയുടെ പേരിലാണ് കത്ത് വന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. കത്ത് എഡിജിപി ഇന്‍റലിജൻസിന് കൈമാറി.
ഭീഷണിക്കത്ത് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇന്‍റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കുന്നത്.
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തുന്നത്. തുടർന്ന് വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തലസ്ഥാനത്ത് വന്ദേഭാരത് ഉദ്ഘാടനം ഉൾപ്പെടെയുള്ള ചടങ്ങുകളാണ് മോദിക്കുള്ളത്.
ഇതിന്‍റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിക്കൊണ്ട് ഇന്‍റലിജൻസ് മേധാവി ടി കെ വിനോദ്കുമാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് സുരക്ഷ ഭീഷണിയെക്കുറിച്ച് വ്യക്തമാക്കുന്നത്.
സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സുരക്ഷാഭീഷണികളിൽ ഏറ്റവും പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ഈ ഭീഷണിക്കത്തിനെക്കുറിച്ചാണ്.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലെ മേൽവിലാസത്തിൽ ഒരാഴ്ച മുൻപാണ് കത്തു ലഭിച്ചതെന്നാണ് റിപ്പോർട്ട് ഉടൻ തന്നെ കത്ത് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു.