കേരളം ഉന്നയിച്ചത് 17 ആവശ്യങ്ങൾ; ഒന്നും കിട്ടിയില്ല: നിർമല നൽകിയത് ചോദിക്കാത്ത ഒരു സഹായം മാത്രം

തിരുവനന്തപുരം ∙ കേരളം കേന്ദ്രത്തോട് ഉന്നയിച്ചത് ആകെ 17 ആവശ്യങ്ങൾ. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ സംഭവിച്ചു.ആവശ്യങ്ങളിൽ ഒന്നു പോലും കേന്ദ്ര ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ ഉൾപ്പെടുത്തിയില്ല.

എന്നാൽ,ചോദിക്കാത്ത ഒരു സഹായം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ‌ക്കു കിട്ടുകയും ചെയ്തു: പലിശയില്ലാതെ 50 വർഷം കൊണ്ടു തിരിച്ചടയ്ക്കാവുന്ന വായ്പ.

എല്ലാ സംസ്ഥാനങ്ങൾക്കുമായി ഒരു ലക്ഷം കോടി രൂപ വായ്പയായി നൽകുമെന്ന കഴിഞ്ഞ ബജറ്റിലെ അതേ പ്രഖ്യാപനമാണ് മന്ത്രി ഇക്കുറിയും ആവർത്തിച്ചത്. കേരളത്തിന് ഇൗ ഇനത്തിൽ അടുത്ത വർഷം 1500 കോടിയോളം രൂപ കിട്ടുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ.

എന്നാൽ, ഇൗ വായ്പയിൽ ഒരു കെണി ഒളിഞ്ഞിരിപ്പുണ്ടോ എന്ന സംശയം കേരളത്തിനുണ്ട്. കേന്ദ്രത്തിനു കേരളം കടപ്പെട്ടിരിക്കുന്നെങ്കിൽ മാത്രമേ ഓരോ വർഷവും പൊതുവിപണിയിൽനിന്നു കടമെടുക്കുമ്പോൾ കേന്ദ്രത്തിന്റെ അനുവാദം വാങ്ങേണ്ടതുള്ളൂ.

സംസ്ഥാനത്തിന്റെ കണക്കുകൂട്ടലനുസരിച്ച് 2032 ലോ 2033 ലോ കേന്ദ്രത്തിനു നൽകേണ്ട പണം സംസ്ഥാനത്തിനു കൊടുത്തു തീർക്കാൻ കഴിഞ്ഞേക്കും. അതു കഴിഞ്ഞാൽ കടമെടുക്കുമ്പോൾ കേന്ദ്രത്തിന്റെ അനുമതി തേടേണ്ടതില്ല.

അതോടെ സ്വതന്ത്രമായി കടമെടുക്കാൻ‌ അനുവദിക്കണമെന്ന കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യം പ്രാബല്യത്തിലാകും. ഇന്നലെ പ്രഖ്യാപിച്ച വായ്പ എടുത്താൽ വീണ്ടും കേരളം കേന്ദ്രത്തിനു കടക്കാരാകും.

എന്നാൽ, നിലവിലെ ദയനീയ സാമ്പത്തികാവസ്ഥ കണക്കിലെടുത്ത് കേരളം ഇൗ വായ്പ സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Related posts

Leave a Comment