‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരി ഭരിച്ചീടും…’ കനല്‍വഴികള്‍ താണ്ടിയ വിപ്ലവ നായിക

1987ലെ തെരഞ്ഞെടുപ്പില്‍ കേരളമാകെ ഇടതു മുന്നണി ഏറ്റുവിളിച്ച മുദ്രാവാക്യം പ്രശസ്തമാണ്

‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരി ഭരിച്ചീടും…’

അന്ന് കെ.ആര്‍.ഗൗരിയമ്മയുടെ പ്രചാരണത്തിന്റെ തുടക്കം അരൂരില്‍ നിന്നായിരുന്നു. അത് ഉദ്ഘാടനം ചെയ്യാനെത്തിയത് അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്.അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ.വാസുദേവന്‍നായരുമാണ്. ആ വേദിയില്‍ വച്ചാണ് ഇരുവരും കെ.ആര്‍.ഗൗരിയമ്മ ജയിച്ചാല്‍ അരൂരിനു മുഖ്യമന്ത്രിയെ ലഭിക്കുമെന്നു പ്രഖ്യാപിച്ചത്. ഗൗരിയമ്മ ജയിച്ചു. പക്ഷേ, പാര്‍ട്ടിയിലെ വിഭാഗീയതതയും ജാതി മേല്‍ക്കോയ്മയും കാരണം ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. അതിനു പിന്നില്‍ അന്നു പാര്‍ട്ടിയുടെ താത്വികാചാര്യനായിരുന്ന ഇഎംഎസിന്റെ ചരടുവലികള്‍ ആയിരുന്നുവെന്ന് ഗൗരിയമ്മ പില്‍ക്കാലത്ത് ആരോപിച്ചിട്ടുണ്ട്.

കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന സ്ഥാനം, കേരളത്തിലെ ഏറ്റവും കരുത്തയായ വനിതാ നേതാവിന് അര്‍ഹമായ സ്ഥാനം നഷ്ടമാക്കാന്‍ എന്തായാലും അന്നത്തെ വിഭാഗീയത കാരണമായി എന്നതു കേരള രാഷ്ട്രീയത്തിനു തന്നെ വലിയ നഷ്ടമായി. അത്തവണ ഇ.കെ.നായനാരാണ് മുഖ്യമന്ത്രിയായത്.

കല്ലും മുള്ളും നിറഞ്ഞ പാതകള്‍ താണ്ടിയാണ് ഗൗരിയമ്മയെന്ന ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായത്. ചേര്‍ത്തല അന്ധകാരനഴി വിയാത്രയില്‍ കളത്തില്‍ പറമ്ബില്‍ രാമന്റെയും, പാര്‍വ്വതിയുടെയും 12 മക്കളില്‍ എഴാമത്തെ മകളാണ് ഗൗരിയമ്മ. സമൃദ്ധമായ നെല്‍വയലുകളും, തെങ്ങിന്‍ തോപ്പുംമുണ്ടായിയിരുന്ന ജന്മി കുംടുംബമായിരുന്നു. തിരുമല ദേവസ്വത്തിന്റെ 4,000 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു രാമന്‍ കൃഷി ചെയ്തിരുന്നത്. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രചാരകന്‍കൂടിയായിരുന്നു രാമന്‍. ഒട്ടേറെ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കള്‍ അക്കാലത്ത് കളത്തില്‍ പറമ്ബില്‍ വന്നുപോകുമായിരുന്നു. വിദ്യാഭ്യാസകാലം മുതല്‍ മനസ്സില്‍ കൊണ്ടു നടന്ന ആശയത്തെ മുറുകെ പിടിച്ചാണ് ഗൗരിയമ്മ ജീവിതത്തിന്റെ ഓരോ പടവുകളും താണ്ടിയത്. സമ്ബന്ന കുടുംബത്തില്‍ ജനിച്ച അവര്‍ കമ്മ്യുണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ജേഷ്ഠന്‍ കെ.ആര്‍. സുകുമാരനാണ് അതിന് കാരണക്കാരനായത്.

വക്കില്‍ പരീക്ഷ പാസായ തിരുവിതാംകൂറിലെ ആദ്യ ഈഴവ വനിത

എറണാകുളം മഹാരാജാസ്, സെന്റ്‌തെരാസസ്സ്, തിരുവനന്തപുരം ലോകോളേജ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. തിരുവിതാംകൂറില്‍ ഈഴവ സമുദായത്തില്‍ നിന്ന് വക്കീല്‍ പരീക്ഷ പാസ്സായ ആദ്യ വനിത ഗൗരിയമ്മയായിരുന്നു. സര്‍ക്കാരില്‍ നല്ല ഉദ്യോഗം ലഭിച്ചെങ്കിലും ഗൗരിയമ്മ പോയില്ല. ചേര്‍ത്തലയില്‍ വാടകക്ക് വീടെടുത്ത് കുടിയാന്‍മാരുടെയും, പുന്നപ്ര-വയലാര്‍ സമര കേസുകളിലും മുഴുകി. ഏകെജി, ടി.വി. തോമസ്സ് ഉള്‍പ്പടെയുള്ള നേതാക്കളുമായി നല്ല ബന്ധത്തിലായി. പി. കൃഷ്ണപിള്ളയാണ് ഗൗരിയമ്മക്ക് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അംഗത്വം നല്‍കിയത്്.

1948 ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗമായി. വൈകാതെ പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായി. 1953ലും 1954ലും നടന്ന തിരുവിതാംകൂര്‍, തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗൗരിയമ്മ വിജയിച്ചു. 1957ലെ പ്രഥമ കേരളനിയമസഭയില്‍ അംഗമായി. ഇഎംഎസിന്റെ നേതൃത്വത്തുള്ള ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ റവന്യൂ, എക്‌സൈസ് വകുപ്പു മന്ത്രിയായി. ഭൂപരിഷ്‌കരണ ബില്ലടക്കം അവതരിപ്പിച്ച്‌ ചരിത്രം കുറിച്ചു. കുടിയാന്‍മാരുടെയും, പിന്നോക്കകാരുടെയും ജീവിതക്ലേശവും, ദുരിതവും ഉള്‍ക്കൊണ്ട്് 1957ല്‍ റവന്യുമന്ത്രിയായപ്പോള്‍ കുടികിടപ്പ് ഒഴിപ്പിക്കല്‍ നിരോധന നിയമം കൊണ്ടുവന്നതാണ് തന്റെ ജീവിതത്തിലെ മഹനീയ കര്‍മ്മമെന്ന് ഗൗരിയമ്മ പലതവണ പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഭൂപരിഷ്‌ക്കരണ നിയമ നിര്‍മ്മാണത്തിന് തുടക്കമിട്ടത്. ഈ വര്‍ഷം തന്നെയായിരുന്നു ടി.വി. തോമസുമായുള്ള വിവാഹം. 1964 ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ടിവിയും, ഗൗരിയമ്മയും രണ്ടു ധ്രുവങ്ങളിലായത് കുടുംബ ജീവിതത്തിലും ബാധിച്ചു. പിന്നീട് അകല്‍ച്ചയുടെ ദിനങ്ങളായിരുന്നു. സ്വസ്ഥമായ കുടുംബ ജീവിതം ഗൗരിയമ്മക്ക് അന്യമായി. എങ്കിലും 67ല്‍ ടിവി രോഗശയ്യയിലായപ്പോള്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ പരിചരിക്കാന്‍ ഓടിയെത്തിതും അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ആറ് മന്ത്രിസഭകളിലായി അവര്‍ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. റവന്യു, വ്യവസായം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം വകുപ്പുകളായിരുന്നു ഗൗരിയമ്മ കൈകാര്യം ചെയ്തത്. കേരളത്തിന്റെ പുരോഗതിക്ക് അടിത്തറയിട്ട സുപ്രധാന നിയമനിര്‍മ്മാണത്തിന് ഗൗരിയമ്മയുടെ കൈ ഒപ്പ് ഉണ്ട്. സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് 1994 ല്‍ ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്‌എസ്) രൂപവത്കരിച്ചു. ആദ്യം യുഡിഎഫ് ചേരിയില്‍ നിന്ന ജെഎസ്‌എസ് പിന്നീട് ഇടത് പാളയത്തിലെത്തുകയായിരുന്നു.

പി. ശിവപ്രസാദ്

Related posts

Leave a Comment