കൊച്ചി: വിഴിഞ്ഞത്ത് കേന്ദ്രസേനയെ ആവശ്യപ്പെട്ടത് സര്‍ക്കാരല്ലെന്നും അദാനി ഗ്രൂപ്പ് ആണെന്നും ഗതാഗത മന്ത്രി ആന്റണി രാജു.
കമ്പനിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതിനായി അവര്‍ ആവശ്യം മുന്നോട്ടുവയ്ക്കുമ്പോൾ സംസ്ഥാന സര്‍ക്കാരിന് അത് എതിര്‍ക്കേണ്ട കാര്യമില്ലെന്നും ആന്റണി രാജു പറഞ്ഞു.
കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അല്ല തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാരും കോടതിയുമാണെന്നും മന്ത്രി വ്യക്തമാക്കി.
അദാനി പോലുള്ള നിരവധി കമ്പനികള്‍ക്ക് കേരളത്തില്‍ കേന്ദ്ര സേനയുടെ സംരക്ഷണം നല്‍കുന്ന സംവിധാനമുണ്ട്. കമ്പനി കോടതിയില്‍ ഉന്നയിച്ച ആവശ്യം സര്‍ക്കാരിന് നിരസിക്കാനാവില്ല.
സി പി എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം നല്‍കിയിരുന്നതില്‍ സഹോദരനടക്കം ഉള്‍പ്പെട്ടതിലും മന്ത്രി പ്രതികരിച്ചു.
എല്‍ ഡി എഫിലെ ഒരു മന്ത്രിയും അവരെ തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ല, മന്ത്രി അബ്ദുറഹ്മാന്റെ പ്രസംഗത്തെ വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുള്ള മറുപടി സഹോദരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരും ഉപസമിതിയും ഇതുസംബന്ധിച്ച് നിരവധി ചര്‍ച്ചകളും നടത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി തന്നെ നേരിട്ട് സമരസമിതിയിലെ പ്രധാനികളുമായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടുന്നില്ലായെന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആരോപണമാണ്.
സമരത്തെ ഹൈജാക്ക് ചെയ്ത് കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ആന്റണി രാജു പറഞ്ഞു. കോണ്‍ഗ്രസാണ് പദ്ധതി കൊണ്ടുവന്നത്. അവരുടെ ഇരട്ടത്താപ്പ് ഇപ്പോള്‍ വ്യക്തമാണ്.
കോണ്‍ഗ്രസിന്റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല. ഭവനരഹിതരായവരില്‍ 182ഓളം പേര്‍ വാടക വാങ്ങിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് വാടക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.
അവര്‍ ആഗ്രഹിച്ച സ്ഥലത്തുതന്നെ വീടുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.