കേന്ദ്രസേന മുട്ടുമടക്കി, സമരവേദി ഒഴിപ്പിക്കാനാവാതെ മടങ്ങി; നിയമം പിന്‍വലിക്കാതെ മടങ്ങില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ക്കെതിരേ ഗാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാനുള്ള കേന്ദ്രസേനയുടെയും പോലിസിന്റെയും നീക്കം കര്‍ഷകരുടെ പ്രതിരോധത്തിനു മുന്നില്‍ മുട്ടുമടക്കി. സമരക്കാരെ ഒഴിപ്പിക്കാന്‍ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചെങ്കിലും ഉറച്ചുനിന്ന കര്‍ഷകരെ കസ്റ്റഡിയിലെടുക്കാനോ മറ്റോ തയ്യാറാവാതെയാണ് സേനയും പോലിസും പിന്‍വാങ്ങിയത്. ഡല്‍ഹി യുപി അതിര്‍ത്തിയിലുള്ള ഗാസിപ്പൂരിലെ പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കാനാണ് പോലിസ് സേന എത്തിയത്. രാത്രി 11നു ശേഷം പ്രക്ഷോഭ വേദി ഒഴിയണമെന്ന് അന്ത്യശാസനം നല്‍കിയെങ്കിലും കര്‍ഷകര്‍ പിന്തിരിഞ്ഞില്ല. ഇതോടെ അര്‍ധരാത്രി പോലിസും കര്‍ഷകരും നേര്‍ക്കുനേര്‍ നിന്നതോടെ സംഘര്‍ഷാവസ്ഥയുണ്ടായി.
പോലിസും ദ്രുതകര്‍മ സേനയും സ്ഥലത്തെത്തിയെങ്കിലും സമരം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നും ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ചാല്‍ ആത്മാഹുതി ചെയ്യുമെന്ന് കണ്ണീരോടെ കര്‍ഷക നേതാവ് രാകേഷ് ടിക്കായത് പ്രഖ്യാപിച്ചു. ഇതോടെ ഒഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ച്‌ യുപി പോലിസും ദ്രുതകര്‍മ സേനയും രാത്രി ഒരു മണിയോടെ പിന്‍വാങ്ങുകയായിരുന്നു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ്. അതിനിടെ, ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചത് സംഘര്‍ഷാവസ്ഥയ്ക്കു കാരണമാവുമെന്നു തിരിച്ചറിഞ്ഞ് നിരവധി പേരാണ് സമരവേദിയിലേക്കെത്തിയത്.

അതിനിടെ സമരവേദി ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോലിസ് നല്‍കിയ നോട്ടീസിനെതിരേ കര്‍ഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത് ഇന്ന് സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.

Related posts

Leave a Comment