ന്യൂഡല്‍ഹി| കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച മന്ത്രിയെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ധര്‍മേന്ദ്ര പ്രധാന്റെ ജീവനക്കാരില്‍ ഒരാള്‍ക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രധാന്.
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ശേഷം താന്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതായി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മലാ സീതാരാമന് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. എല്ലാ മന്ത്രിമാരോടും കൊവിഡ് പരിശോധനാ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.