കേന്ദ്രം നല്‍കിയതില്‍ ചിലവാക്കിയത് വെറും ഒരു ശതമാനം, സംസ്ഥാനം നല്‍കിയതാകട്ടെ തൊട്ടുനോക്കിയില്ല: പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും പിന്നിലെന്ന ‘ഖ്യാതി’ നേടി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: വാര്‍ഷിക പദ്ധതി ചെലവില്‍ സംസ്ഥാനത്ത് തലസ്ഥാന നഗരസഭ ഏറ്റവും പിന്നില്‍. വാര്‍ഷിക പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം ലഭിച്ചിട്ടും സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ശേഷിക്കേ കോര്‍പ്പറേഷന്റെ പദ്ധതി ചെലവ് വെറും 26.24 ശതമാനം മാത്രമാണ്.

കഴിഞ്ഞ മാസം 27ന് തയ്യാറാക്കിയ കണക്ക് പ്രകാരം പദ്ധതി ചെലവ് 17 ശതമാനമായിരുന്നു.

ഈ സമയത്ത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനായി നല്‍കിയ തുകയില്‍ ചെലവഴിച്ചത് ഒരു ശതമാനവും.

സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 8.62 കോടി ലഭിച്ചിട്ടും ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നാണ് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ കണക്ക്. 75.31 കോടി കൈവശമുണ്ടായിട്ടും തനത് ഫണ്ടില്‍ നിന്ന് ചെലവാക്കിയത് 6.85 കോടി (9%). കൊവിഡിനെയും മഴയെയും പഴിചാരി പത്ത് മാസം വെറുതെയിരുന്ന ഭരണസമിതി, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പദ്ധതി ചെലവില്‍ ഏറെ പിന്നോട്ടു പോകുമെന്ന ഭയത്തിലാണ്.

രണ്ടു മാസത്തിനുള്ളില്‍ പദ്ധതി ചെലവ് പകുതിയെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് എന്‍ജിനിയറിംഗ് വിഭാഗത്തിന് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.

ബഡ്ജറ്റ് വിഹിതമായി 228 കോടി രൂപയും സ്പില്‍ ഓവര്‍ ഇനത്തില്‍ 83 കോടി രൂപയും ഉള്‍പ്പെടെ 312 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കോര്‍പ്പറേഷന് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഡിപ്പോസിറ്റ് പദ്ധതികള്‍ക്കുള്ള ചെലവുകള്‍ ഉള്‍പ്പെടെ ഇതുവരെ ആകെ ചെലവ് 62 കോടി. അതായത് അടങ്കലിന്റെ 20 ശതമാനം മാത്രമാണ് ഈ ഇനത്തിലെ ചെലവ്.

ധനകാര്യ കമ്മിഷന്‍ വിഹിതമായി 22.02 കോടി ലഭിച്ചപ്പോള്‍ ചെലവഴിച്ചത് 1.69 കോടി (8%) മാത്രം. പട്ടിക വര്‍ഗ പദ്ധതിയില്‍ 28ശതമാനം, പ്ലാന്‍ ഫണ്ട് 23 ശതമാനം എന്നിങ്ങനെയാണ് മറ്റു ചെലവുകള്‍.

കഴിഞ്ഞ ജനുവരിയില്‍ അധിക ഫണ്ടായി സര്‍ക്കാര്‍ 67 കോടി കൂടി നല്‍കി. കുടിവെള്ളം, ശുചിത്വ മേഖലകളിലെ പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ധനകാര്യ കമ്മീഷന്‍ ഇനത്തില്‍ 35 കോടി രൂപയും, മെയിന്റനന്‍സ് ഗ്രാന്റ് റോഡ് ഇനത്തില്‍ 9 കോടി രൂപയും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം നല്‍കി ഏപ്രില്‍ മുതല്‍ പണം ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും പദ്ധതി ചെലവ് കുറഞ്ഞത് ഭരണസമിതിയുടെ വീഴ്ചയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചതും രണ്ടു മാസത്തെ തുടര്‍ച്ചയായ മഴയുമാണ് ചെലവ് കുറയാന്‍ കാരണമെന്നാണ് വിശദീകരണം.

Related posts

Leave a Comment