കൊച്ചി: മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു ഹൈക്കോടതി.
ചോദ്യം ചെയ്യലിനായി 23ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നു കോടതി നിർദേശിച്ചു. അന്വേഷണസംഘവുമായി സഹകരിക്കണമെന്നും ഹൈക്കോടതിയുടെ നിർദേശമുണ്ട്.
പരാതിക്കാരുടെ ആദ്യ പരാതിയിൽ തൻ്റെ പേര് ഇല്ലായിരുന്നുവെന്നു കെ സുധാകരന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തികച്ചും രാഷ്ട്രീയപ്രേരിതമായ കേസാണെന്നും സുധാകരൻ കോടതിയിൽ വാദിച്ചു.
അന്വേഷണ സംഘവുമായി താൻ സഹകരിക്കുമെന്നും സുധാകരൻ കോടതിയെ അറിയിച്ചു. പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരൻ.
ഒന്നാം പ്രതി മോൻസൻ മാവുങ്കലാണ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നത്.