തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കെ.വി തോമസ് കോണ്‍ഗ്രസില്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി. തോമസ് സമുന്നത നേതാവാണ്. കെ.വി തോമസ് ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് പാര്‍ട്ടി കേള്‍ക്കും. അവരുടെ ആവശ്യം മനസിലാക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചയറിയുകയും ചെയ്യും. കെ.വി തോമസിന്റെ കാര്യത്തില്‍ ഒരു പ്രശ്‌നവും നിലവിലില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുറേനാളായി അദ്ദേഹം പരാതി പറയുകയാണല്ലോ എന്നും അദ്ദേഹവുമായി ഇന്ന് എന്തെങ്കിലും ചര്‍ച്ച കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി. അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ടെങ്കില്‍ കാണുമെന്നും സംസാരിക്കുമെന്നും അതിനെന്താണ് പ്രശ്‌നം എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.
കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്ന കെ.വി തോമസ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇന്ന് പതിനൊന്ന് മണിക്ക് നിര്‍ണായക വാര്‍ത്താ സമ്മേളനം നടത്തുമെന്ന നിലപാടില്‍ മലക്കം മറിഞ്ഞാണ് കെ.വി തോമസ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുള്ളത്. മാഡം പറഞ്ഞാല്‍ മറിച്ചൊന്നും പറയാറില്ലെന്ന നിലപാട് പരസ്യമായി പറഞ്ഞ കെ.വി തോമസ് പാര്‍ട്ടി നേതൃത്വത്തെ കണ്ട് പരാതി പറയുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.