ന്യൂഡല്‍ഹി : കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്‌നങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ബിജെപി നേതൃസംഘം ഇന്ന് റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ജനകീയ പ്രതിഷേധവും സംഘം മന്ത്രിയെ ധരിപ്പിക്കും. കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, മെട്രോമാന്‍ ഇ. ശ്രീധരന്‍ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.
കഴിഞ്ഞ ദിവസം കെ റെയില്‍ പദ്ധതിയ്‌ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കായി സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. സാമ്ബത്തികമായും സാങ്കേതികമായും പദ്ധതി പ്രായോഗികമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും ഇതെല്ലാം പരിശോധിച്ച ശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നു.
സാമൂഹിക ആഘാതപഠനവും പരിസ്ഥിതി ആഘാതപഠനവും നടത്താതെ സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി പി ആര്‍ പുറത്തിറക്കിയതിനെതിരെ ശക്തമായ വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ കേന്ദ്രാനുമതിയുണ്ടെന്ന് പറഞ്ഞ് ഇല്ലാത്ത പദ്ധതിയ്‌ക്ക് പോലീസ് സംരക്ഷണത്തില്‍ കല്ലിട്ടതും വലിയ ജനരോഷത്തിന് കാരണമാവുകയും ചെയ്തിരുന്നു.