കെ എസ് ഇ ബി വക അടുത്ത ഇരുട്ടടി വരുന്നു, വൈകിട്ട് ആറുമുതല്‍ 10 മണിവരെ നിരക്ക് കൂട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: ഉപയോഗം കൂടിയ വൈകിട്ട് ആറുമുതല്‍ പത്തുമണിവരെയുള്ള സമയത്തെ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി കെ എസ് ഇ ബി.

പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള സമയത്ത് സാധാരണ നിരക്കും , 6 മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് കൂടിയ നിരക്കും രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെയുള്ള സമയത്ത് നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കുമാവും ഈടാക്കുക.

വൈദ്യുതി നിരക്കു കൂട്ടാന്‍ കഴിഞ്ഞ വര്‍ഷം ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ച ഘട്ടത്തില്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചെങ്കിലും എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ഉപേക്ഷിക്കുകയായിരുന്നു.

ആറുമുതല്‍ പത്തുമണിവരെയുള്ള സമയത്തെ നിരക്ക് കൂട്ടുമ്പോൾ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗാര്‍ഹിക, വാണിജ്യ ഉപഭാേക്താക്കളെയാവും.

ഇപ്പോള്‍ത്തന്നെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാന്‍ ഇത് ഇടയാക്കിയേക്കും എന്ന ആശങ്കയുണ്ട്.

നിരക്ക് കൂടുന്നതോടെ വൈകുന്നേരം ആറുമുതല്‍ രാത്രി പത്തുമണിവരെയുള്ള സമയത്ത് ഉപയോഗം കുറയും. അതിനാല്‍ കെ എസ് ഇ ബി പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കാന്‍ കഴിയും.

ഇതിലൂടെ ചെലവ് കുറയ്ക്കാന്‍ കഴിയും. ഒപ്പം ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ തുക ലഭിക്കുകയും ചെയ്യും. ഇതിലൂടെ വരുമാനം കൂട്ടാമെന്ന പ്രതീക്ഷയിലാണ് കെ എസ് ഇ ബിയുടെ കണക്കുകൂട്ടല്‍.

വന്‍ വില നല്‍കിയാണ് ഇപ്പോള്‍ കെ എസ് ഇ ബി പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നത്.എന്നാല്‍ ഇപ്രകാരം നിരക്ക് ഈടാക്കാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടിവരും.

എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം.

Related posts

Leave a Comment