കെ.ആർ.ഗൗരിയമ്മയ്ക്ക് വാരനാടിൻ്റെ പേര് സ്വന്തം പേരിലേറ്റുന്ന ഈ മകൻ്റെ കണ്ണീർപ്രണാമം…!സുനീഷ് വാരനാട്.

അന്തരിച്ച കേരളത്തിൻറെ ആദ്യ വനിതാ മന്ത്രി ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി നേർന്ന് ടെലിവിഷൻ , സിനിമാ തിരക്കഥാകൃത്തും ,നടനും, മിമിക്രി ,കലാകാരനും , മാധ്യമപ്രവർത്തകനുമായ സുനീഷ് വാരനാട്. സുനീഷ് വാരനാട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. കുറിപ്പ് ഇങ്ങനെ. ഐക്യ കേരളത്തിൻ്റെ വിപ്ളവ നായിക കെ.ആർ.ഗൗരിയമ്മ വിടവാങ്ങുമ്പോൾ ആ ഇതിഹാസ നക്ഷത്രത്തിൻ്റെ ഓർമ്മകളിൽ ഈറനണിയുകയാണ് വാരനാട് എന്ന ഗ്രാമവും..!
വാരനാടുമായി ഇഴ പിരിക്കാനാകാത്ത ഒരാത്മബന്ധമുണ്ടായിരുന്നു ഗൗരിയമ്മയ്ക്ക്! വാരനാട് എന്ന ഗ്രാമത്തിൻ്റെ ജീവിതക്രമങ്ങളിലും, സാമ്പത്തിക പുരോഗതിയിലും, വികസന പ്രവർത്തനങ്ങളിലും തുടക്കക്കല്ലിട്ടത് ശ്രീമതി. കെ.ആർ.ഗൗരിയമ്മയാണ്.1959 ഫെബ്രുവരി 9 നാണ് അന്നത്തെ എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മ പിന്നീട് ചേർത്തലയുടെ വ്യവസായ ഭൂപടം മാറ്റിയെഴുതിയ മക്ഡവ്വൽ ഡിസ്റ്റിലറിക്ക് ആധാരശിലയിട്ടത്. തൊഴിലാളികളുടെ ക്ഷേമവും കൂടി ഉറപ്പാക്കുന്നതിൽ ശ്രദ്ധാലുവായിരുന്ന ഗൗരിയമ്മയുടെ ദീർഘവീക്ഷണം ആലപ്പുഴയിൽ മക്ഡവ്വലിനെപ്പോലെ പല വ്യവസായ സ്ഥാപനങ്ങൾക്കും ജന്മമേകി. വാരനാടിൻ്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും, വാരനാട് നിവാസികളുടെ ജീവിത നിലവാര പുരോഗതിക്കും വാരനാട് കടപ്പെട്ടിരിക്കുന്നത് ശ്രീമതി.ഗൗരിയമ്മയോട് തന്നെയാണ്. അരനൂറ്റാണ്ടിനിപ്പുറം ഗൗരിയമ്മ അന്ന് സ്ഥാപിച്ച മക്ഡവ്വൽ കമ്പനി തൊഴിൽതർക്കങ്ങൾ മൂലം അടച്ചുപൂട്ടിയ നിലയിലാണ്. എങ്കിലും കമ്പനി നൽകിയ നിറസമൃദ്ധിയുടെ ഓർമ്മകൾ അവിടവിടെയായി ഇപ്പോഴും വാരനാട് ഗ്രാമത്തിലുണ്ട്. ഞാനുൾപ്പെടുന്ന ഒരു തലമുറയ്ക്ക് അന്നവും, വസ്ത്രവും നൽകി ഞങ്ങളെ പോറ്റി വളർത്തിയ മക്ഡവ്വൽ കമ്പനിയുടെ കാരണക്കാരിയായ അമ്മയ്ക്ക് ….സഖാവ് കെ.ആർ.ഗൗരിയമ്മയ്ക്ക് വാരനാടിൻ്റെ പേര് സ്വന്തം പേരിലേറ്റുന്ന ഈ മകൻ്റെ കണ്ണീർപ്രണാമം…!

Related posts

Leave a Comment