കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ; വിടി ബല്‍റാമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക് ; സംസ്ഥാനം ചോരക്കളമാകുന്നു

പാലക്കാട്: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ലാത്തിച്ചാര്‍ജ്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജിനിടെ വി.ടി. ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. ബല്‍റാമിന്റെ തലയ്ക്കാണ് പരുക്കേറ്റത്. പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പൊലീസിന് നേരെ മുദ്രാവാക്യം വിളിക്കുന്നത് തുടരുകയാണ്.

ജലീലിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും പ്രക്ഷോഭം കടുപ്പിക്കുകയാണ്. യുവമോര്‍ച്ച കോട്ടയത്തു നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിലും പൊലീസ് ലാത്തി വീശി. മൂന്ന് റൗണ്ട് ജലപീരങ്കി ഉപയോഗിച്ചു. ബാരിക്കേഡ് മറി കടക്കാന്‍ ശ്രമിച്ച രണ്ടു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ജലീലിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ച സമയത്ത് എന്‍.ഐ.എ ഓഫീസിനിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം മുന്നില്‍ കണ്ട് ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചി എന്‍.ഐ.എ ഓഫീസില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

കോട്ടയത്തും കൊല്ലത്തും കോഴിക്കോട്ടും നടന്ന പ്രതിഷേധത്തില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തും. കണ്ണൂര്‍ കളക്‌ട്രേറ്റിലേക്ക് കെ.എസ്.യു പ്രതിഷേധ മാര്‍ച്ച്‌ നടത്തി. എന്‍.ഐ.എ ആസ്ഥാനത്തേക്ക് ബി.ജെ.പി യുവമോര്‍ച്ചയും മാര്‍ച്ച്‌ നടത്തി. കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്ന എന്‍.ഐ.എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് മാര്‍ച്ച്‌.

Related posts

Leave a Comment