കെഎസ്.യു നേതാവിന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്ന് സര്‍വകലാശാല; പരാതിയില്‍ നടപടിയില്ലെന്ന് അന്‍സാല്‍ ജലീല്‍

തിരുവനന്തപുരം: കെ.എസ്.യു നേതാവ് അന്‍സാല്‍ ജലീലിന് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് കേരള സര്‍വകലാശാല രജിസ്ട്രാര്‍.

അന്‍സാലിന്റെതായി പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ കണ്ട ഒപ്പും സീരിയല്‍ നമ്ബറും സീലും വ്യാജമാണ്.

ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ സര്‍വകലാശാലയുടെ കീഴില്‍ ഒരിടത്തും പ്രവേശനത്തിന് ശ്രമിച്ചിട്ടില്ല. ഈ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്‌ലിസ്റ്റും ഉപയോഗിച്ച്‌ ജോലിക്ക് ശ്രമിച്ചോ എന്നറിയില്ല.

ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയും സെനറ്റ് അംഗത്തിന്റെ പരാതിയും മാത്രമാണ് ഉള്ളത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം സര്‍വകലാശാലയുടെ പ്രതിഛായയ്ക്ക് കളങ്കം വരുത്തി.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലിക്ക് ശ്രമിച്ചോ എന്നൊക്കെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കട്ടെയെന്നും രജിസ്ട്രാര്‍ പറഞ്ഞു.

അതേസമയം, തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അന്‍സാല്‍ ജലീല്‍ പറഞ്ഞു. താന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് ഈ മാസം 13നാണ് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നത്.

വാര്‍ത്ത വന്നപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് ആദ്യമായി കാണുന്നത്. ഇതുസംബന്ധിച്ച്‌ 14ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും കോടതിയില്‍ ദേശാഭിമാനിക്കെതിരെയും മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തു.

വാര്‍ത്ത വന്ന 13ന് തന്നെ പോലീസ് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വന്ന് പരിശോധന നടത്തി വസ്തുത മനസ്സിലാക്കി പോയതാണ്. ഇത്രയും ദിവസത്തിനുള്ളില്‍ തന്റെ പരാതിയില്‍ നടപടി ഉണ്ടായിട്ടില്ലെന്നും അന്‍സാല്‍ പറഞ്ഞു.

താന്‍ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത് പ്ലസ് ടു യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ്. ബിരുദം ഹിന്ദി കോഴ്‌സിന് ചേര്‍ന്നുവെങ്കിലും ഒരു വര്‍ഷം മാത്രമാണ് പഠിക്കാന്‍ കഴിഞ്ഞത്.

പിതാവിന്റെ അനാരോഗ്യത്തെ തുടര്‍ന്ന് പഠനം നിര്‍ത്തി ജോലിക്ക് പോകേണ്ടിവന്നു. ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത തനിക്കും കുടുംബത്തിലും ബന്ധുക്കള്‍ക്കും മാനഹാനിയുണ്ടാക്കിയെന്നും അന്‍സാല്‍ പറഞ്ഞു.

ദേശാഭിമാനിയില്‍ വന്ന സര്‍ട്ടഫിക്കറ്റിന്റെ പകര്‍പ്പിനെ കുറിച്ച്‌ ദേശാഭിമാനി തന്നെ വിശദീകരണം നല്‍കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Related posts

Leave a Comment