▪️തിരുവനന്തപുരം: കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കേരളവും (കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍), കര്‍ണാടകയും (കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ചിരുന്നു. എന്നാല്‍, ചുരുക്കെഴുത്ത് തങ്ങളുടേതാണെന്നും കേരള ആര്‍ടിസി അത് ഉപയോഗിക്കരുതെന്നും കാണിച്ച് 2014ല്‍ കര്‍ണാടക ആര്‍ടിസി നോട്ടീസ് അയച്ചു. തുടര്‍ന്ന് അന്നത്തെ കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കില്‍ കേരളത്തിനുവേണ്ടി അപേക്ഷിച്ചു. കെഎസ്ആര്‍ടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെയാണ് ട്രേഡ് മാര്‍ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കിയത്.
ഇനി മുതല്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കേരളത്തിനു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു. ‘ആനവണ്ടി’ എന്ന പേരും പലരും പലകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. അവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ബിജു പ്രഭാകര്‍ അറിയിച്ചു.
ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേര്‍ന്നതാണ് കേരളത്തില്‍, കെഎസ്ആര്‍ടിസിയുടെ ചരിത്രം. വെറുമൊരു വാഹന സര്‍വീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉള്‍പ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകള്‍ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തില്‍ മായ്ച്ചുകളയാന്‍ പറ്റുന്നതല്ല ഇത്. ട്രേഡ് മാര്‍ക്ക് രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ട്. ഒപ്പം ഇതിനുവേണ്ടി പ്രയത്‌നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇത് കെഎസ്ആര്‍ടിസിക്ക് ലഭിച്ച നേട്ടമാണ്- ഗതാഗതമന്ത്രി ആന്റണി രാജു പ്രതികരിച്ചു.