കേളകം: കര്‍ണാടകയില്‍നിന്ന് വഴിയോര കച്ചവടത്തിനായി മലയോരത്തെത്തിച്ച താറാവ് മുട്ട കൃത്രിമ മുട്ടയെന്ന സംശയത്തെത്തുടര്‍ന്ന് അമ്ബായത്തോടില്‍, മുട്ട കയറ്റിവന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് വാഹനങ്ങള്‍ കേളകം പൊലീസില്‍ ഏല്പിച്ചു. ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിച്ച താറാവ് മുട്ടക്ക് ഒന്നിന് ആറു രൂപ നിരക്കില്‍ കണ്ടപ്പുനത്ത് വില്പനക്കെത്തിച്ചതായിരുന്നു. നാട്ടുകാരില്‍ ഒരാളായ ചേലാട്ട് സനല്‍, മുട്ട വേണം എന്നുപറഞ്ഞ് വാഹനത്തിനടുത്തെത്തി ഒരു മുട്ടയെടുത്ത് പൊട്ടിക്കുന്നത് കണ്ടതോടെ ഡ്രൈവര്‍ വണ്ടിയെടുത്ത് കേളകം ഭാഗത്തേക്ക് ഓടിച്ചുപോയി. ഇതോടെ സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് കേളകം പൊലീസിലും മറ്റുള്ള സ്ഥലങ്ങളിലെ നാട്ടുകാരെയും വിവരമറിയിച്ചതിെന്റ അടിസ്ഥാനത്തില്‍ അമ്ബായത്തോടുവെച്ച് മുട്ട വില്പന നടത്തുന്ന ബൈക്ക് അടക്കം മൂന്ന് വാഹനങ്ങള്‍ നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സാധാരണ താറാവ് മുട്ടയും ഇവരെത്തിച്ച മുട്ടയും തമ്മില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തുകയായിരുന്നു.
സാധാരണ മുട്ടകളേക്കാള്‍ കട്ടികൂടിയതാണ് ഇത്തരം മുട്ടകള്‍. മുട്ടക്കുള്ളില്‍ മഞ്ഞക്കരുവും വെള്ളയും തമ്മില്‍ വേര്‍തിരിവില്ല, കലങ്ങിയ ഒരു ദ്രാവകം ഒഴുകിവരുന്നു. തോടും വെള്ളയും തമ്മില്‍ വേര്‍തിരിക്കുമ്ബോള്‍ റബര്‍ പാടപോലെ പൊതിഞ്ഞിരിക്കുന്ന ആവരണം മുട്ടക്കുള്ളില്‍ കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത. പാട കത്തിച്ചാല്‍ പ്ലാസ്റ്റിക്കിെന്റ മണവും. മറ്റൊരു പ്രത്യേകത, പച്ചമുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിക്കാനാകും എന്നതാണ്. തുടര്‍ന്ന് കേളകം പൊലീസ് അമ്ബായത്തോടെത്തി തടഞ്ഞുവെച്ച വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. മുട്ടയുടെ സാമ്ബിളെടുത്ത് ആരോഗ്യ വിഭാഗത്തിന് കൈമാറുമെന്നും അതിനുശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു.
അതിനുശേഷം വാഹനങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു. കാഴ്ചയില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലാത്ത മുട്ട തമിഴ്നാട് മേഖലയില്‍ നിന്നാണ് മലയോര പ്രദേശങ്ങളില്‍ എത്തുന്നതെന്നാണ് സൂചന. അതേസമയം, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് ഇത്തരം മുട്ടകള്‍ നിര്‍മിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കരളിനും വൃക്കക്കും വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് കൃത്രിമ മുട്ടയിലെ രാസപദാര്‍ഥങ്ങള്‍. എന്നാല്‍, ഇവ പരിശോധിക്കാനോ നടപടിയെടുക്കാനോ ആരോഗ്യ വകുപ്പോ ഭക്ഷ്യസുരക്ഷ വകുപ്പോ തയാറാവുന്നില്ലെന്ന് പരാതിയുണ്ട്.