തിരുവനന്തപുരം: രോഗിയായ മുത്തശ്ശിയ്ക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ പതിനാറാം വാര്‍ഡില്‍ ശ്വാസം മുട്ടലിന് ചികിത്സയില്‍ കഴിയുന്ന മുത്തശ്ശിയ്ക്ക് കൂട്ടിരിക്കാനെത്തിയ ചിറയിന്‍കീഴ് കിഴുവിലം സ്വദേശി അരുണ്‍ ദേവിന്( 28) ക്രൂരമര്‍ദ്ദനമേറ്റത്.മര്‍ദ്ദനത്തെതുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയ യുവാവിനെ അവിടെയെത്തിയും സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ഏഴിനാണ് സംഭവം. വീട്ടില്‍ നിന്ന് മുത്തശ്ശിക്ക് കൊടുത്തയച്ച കഞ്ഞി വാങ്ങാന്‍ അരുണ്‍ദേവ് മുകള്‍ നിലയിലെ വാര്‍ഡില്‍ നിന്ന് താഴെയെത്തി മടങ്ങുമ്ബോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഗേറ്റില്‍ തടഞ്ഞു. കാര്യം പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ അരുണ്‍ദേവിനെ വിഷ്ണു എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ വലിച്ച് അകത്തേക്ക് കൊണ്ടുപോയി മറ്റുള്ളവരും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. വിഷ്ണു ഉള്‍പ്പെടെ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ അരുണ്‍ദേവ് മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്‍കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.
അത്യാഹിത വിഭാഗത്തിലുള്‍പ്പെടെ സിസി ടിവി ക്യാമറ ഇല്ലാത്തത് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് എളുപ്പമാകുന്നു എന്ന ആക്ഷേപം പരക്കെയുണ്ട്. ഇതിനുമുന്‍പും സെക്യൂരിറ്റി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അധികൃതര്‍ നടപടി എടുക്കാന്‍ കൂട്ടാക്കാറില്ലെന്നാണ് പരാതി.
ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ സംഭവമാണിത്. സമാനമായ രീതിയില്‍ കഴിഞ്ഞ 11ന് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്കില്‍ ഡയാലിസിസിന് എത്തിയ രോഗിയുടെ മകളെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. പതിനെട്ടാം വാര്‍ഡില്‍ നിന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ഡയാലിസിസിനെത്തിച്ച പിതാവിനെ കിടക്കയിലേക്ക് എടുത്ത് കിടത്താനായി ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരം സഹായത്തിനെത്തിയതായിരുന്നു മകള്‍. എന്നാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇത് ചോദ്യം ചെയ്തതോടെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.