കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ; തിരുവനന്തപുരത്ത് ആശങ്ക

കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് ആശങ്ക വര്‍ധിക്കുന്നു. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിയന്ത്രിത മേഖലകള്‍ക്ക് പുറത്ത് രോഗവ്യാപനമുണ്ടാകുന്നതും പ്രതിസന്ധിയാണ്. ക്ലസ്റ്ററുകളായി മാറാന്‍ സാധ്യതയുള്ള ചാല മാര്‍ക്കറ്റും, കരിമഠവും കേന്ദ്രീകരിച്ച്‌ പരിശോധനകള്‍ ആരംഭിച്ചു.

കൊറോണ വ്യാപനത്തിലെ ഏറ്റവും അപകടകരമായ പ്രാദേശിക വ്യാപനം തിരുവനന്തപുരത്ത് പിടിമുറുക്കുകയാണ്. 94.4 ശതമാനം പ്രാദേശിക വ്യാപനമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത് പ്രതിസന്ധി ഉണ്ടാകുന്നു. ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും, മെഡിക്കല്‍ കോളജിലെ ഏഴ് നഴ്‌സുമാര്‍ക്കും, നഴ്‌സിംഗ് കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കും അടക്കം 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്.
അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ കോളജില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നഗരസഭയിലെ നാല് കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് കൗണ്‍സിലര്‍മാരുടെയും, നഗരസഭാ ജീവനക്കാരുടെയും സ്രവ പരിശോധന ആരംഭിച്ചു. ചാല കമ്ബോളവും, കരിമഠം കോളനിയും കേന്ദ്രീകരിച്ചും പരിശോധനകള്‍ തുടങ്ങി.

Related posts

Leave a Comment