തൃശൂര്‍: അനധികൃത മദ്യവില്‍പനയ്ക്കു പേരുകേട്ട യുവാവിന്റെ വീടും പരിസരവും എക്സൈസ് സംഘം അരിച്ചു പെറുക്കിയെങ്കിലും കാലിക്കുപ്പി പോലും കണ്ടില്ല. വീട്ടു പരിസരത്തു സംശയം തോന്നിയ ഭാഗങ്ങളില്‍ അങ്ങിങ്ങായി കുഴിച്ചു നോക്കിയപ്പോള്‍ പൊങ്ങിവന്നത് യഥേഷ്ടം മദ്യക്കുപ്പികള്‍!
ബാറുകളും ബവ്കോ വില്‍പനശാലകളും പൂട്ടിയതോടെ ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നു മദ്യം വന്‍തോതില്‍ ഒഴുകുന്നുണ്ട്. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ഇവ പിടിക്കപ്പെടാതെ കടത്താനും ജില്ലയിലെത്തിച്ച് ഒളിപ്പിക്കാനും വില്‍പന നടത്താനും മദ്യക്കടത്തുകാര്‍ സ്വീകരിക്കുന്നതു പല തന്ത്രങ്ങള്‍.
കേരളത്തില്‍ മദ്യവില്‍പനയ്ക്കു വിലക്കു പ്രഖ്യാപിച്ചെങ്കിലും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മദ്യശാലകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും പഴം, പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ കയറ്റാന്‍ പോകുന്ന ലോറികള്‍ കേന്ദ്രീകരിച്ചാണു മദ്യക്കടത്തു സുലഭമായി നടക്കുന്നത്.
ലോറികളില്‍ രണ്ടോ മൂന്നോ പെട്ടികളില്‍ മദ്യം നിറച്ച ശേഷം ബാക്കി ഭാഗം മുഴുവന്‍ പഴമോ പച്ചക്കറിയോ നിറയ്ക്കും. ഇവ മുഴുവന്‍ ഇറക്കിയ ശേഷം പരിശോധിക്കല്‍ എളുപ്പമല്ലെന്നതിനാല്‍ ചെക്പോസ്റ്റുകളില്‍ നിന്നു രക്ഷപ്പെടുകയാണ് കടത്തുകാരുടെ ഉന്നം. എന്നാല്‍, സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് എക്സൈസും പറയുന്നു.