കുറഞ്ഞ വിലയ്ക്ക് എണ്ണ തരാം; ഒന്നരക്കോടി ബാരല്‍ വാങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച്‌ റഷ്യ‍; ഇന്ത്യന്‍ ഉല്‍പനങ്ങള്‍ റഷ്യയും വാങ്ങണം; നിബന്ധനവെച്ച്‌ കേന്ദ്രം

ന്യൂദല്‍ഹി: യുദ്ധത്തിനു മുന്‍പുള്ള വിലയിലും കുറച്ച്‌, കൂടുതല്‍ അസംസ്‌കൃത എണ്ണ ഇന്ത്യയ്ക്ക് നല്കാമെന്ന് വീണ്ടും റഷ്യ യുടെ വാഗ്ദാനം.

ലോക വിപണിയില്‍ തന്നെ കൂടുതല്‍ പ്രിയമുള്ള യൂറാള്‍ എണ്ണ, ബാരല്‍ ഒന്നിന് 35 ഡോളര്‍ വീതം കുറച്ചു നല്കാമെന്നും ഇന്ത്യ കുറഞ്ഞത് ഒന്നരക്കോടി ബാരല്‍ എങ്കിലും വാങ്ങണമെന്നുമാണ് അഭ്യര്‍ഥന.

ഉക്രൈനുമായുള്ള യുദ്ധവും യൂറോപ്യന്‍ രാജ്യങ്ങളുടെയും യുഎസിന്റെയും ഉപരോധങ്ങളും റഷ്യയെ വല്ലാതെ വലച്ചിട്ടുണ്ടെന്നും അതിനാലാണ് അവരുടെ ഇത്തരമൊരു വാഗ്ദാനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം റഷ്യ ഇന്ത്യയ്ക്ക് 27 ശതമാനം വില കുറച്ച്‌ വലിയ തോതില്‍ എണ്ണയെത്തിച്ചിരുന്നു. റഷ്യയുടെ പുതിയ വാഗ്ദാനവും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു വരികയാണ്, സ്വീകരിച്ചേക്കും.

തുടക്കത്തില്‍ പതിനഞ്ച് മില്യന്‍ (1.5 കോടി) ബാരല്‍ എണ്ണ വാങ്ങണം. പിന്നാലെ കൂടുതല്‍ തരും. യുദ്ധം തുടങ്ങിയ ശേഷം ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ പ്രധാന എണ്ണ വിപണികള്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ഇന്ത്യ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും റഷ്യയിലെ റോസ്‌നെഫ്റ്റും തമ്മിലാകും കരാര്‍. റഷ്യയിലെ വഌഡിവസ്‌റ്റോക്ക് തുറമുഖത്തു നിന്ന് ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലെ എണ്ണ ശുദ്ധീകരണശാലകളിലേക്ക് ഇരുപത് ദിവസം കൊണ്ട് എണ്ണയെത്തിക്കാന്‍ കഴിയും.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനു പകരമായി ഇന്ത്യയില്‍ നിന്ന് കൂടുതല്‍ മരുന്നുകളും എന്‍ജിനീയറിങ് ഉത്പന്നങ്ങളും രാസവസ്തുക്കളും വാങ്ങണമെന്ന നിബന്ധന ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതു വഴിയുണ്ടാകുന്ന വ്യാപാരക്കമ്മി ഇങ്ങനെ നികത്താമെന്നും ഇന്ത്യ കണക്കുകൂട്ടുന്നു.

Related posts

Leave a Comment