കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൂടുതല്‍ കുരുക്കി സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റിന് മൊഴി നല്കി. ശിവശങ്കറിനൊപ്പം മൂന്നിലധികം തവണ വിദേശയാത്ര നടത്തിയെന്ന് പറഞ്ഞ സ്വപ്ന ബാങ്ക് ലോക്കറില്‍ സ്വര്‍ണം വച്ചത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും മൊഴിയില്‍ വ്യക്തമാക്കി.
എന്നാല്‍ ശിവശങ്കറിനൊപ്പം നടത്തിയ വിദേശയാത്ര ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണോ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണോ എന്ന് മൊഴിയില്‍ വ്യക്തമാക്കിയിട്ടില്ല . അതുപോലെ എത്രതവണയാണ് വിദേശയാത്ര നടത്തിയതെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടില്ല.
അതിനിടെ, എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശനിയാഴ്ച അഞ്ചര മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.സ്വപ്ന സുരേഷിന്റെ ഹവാല ഇടപാടുകള്‍, വിദേശനാണയ വിനിമയചട്ട ലംഘനം എന്നിവയെക്കുറിച്ച് അറിവുണ്ടോ എന്നറിയാനായിരുന്നു ചോദ്യം ചെയ്യല്‍. സ്വപ്നയെ പരിചയമുണ്ടെങ്കിലും അവരുടെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് ഒന്നുമറിയില്ലെന്ന് നേരത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയ മൊഴിയില്‍ ശിവശങ്കര്‍ ഉറച്ചു നിന്നു.തിരുവനന്തപുരത്തെ ബാങ്കില്‍ സ്വപ്നയ്ക്ക് ജോയിന്റ് അക്കൗണ്ട് തുറക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെ ഏര്‍പ്പാടാക്കി നല്‍കുക മാത്രമാണ് ചെയ്തത്. അക്കൗണ്ട് വിവരങ്ങള്‍ അറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണ് പൂര്‍ത്തിയായതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. പ്രതികളുടെ മൊഴികളുമായി വിശകലനം ചെയ്തശേഷം പൊരുത്തക്കേടുണ്ടെങ്കില്‍ ശിവശങ്കറിനെ വീണ്ടും വിളിച്ചു വരുത്തും, ശിവശങ്കറിനെ ചോദ്യം ചെയ്യുമ്ബോള്‍ പ്രതികളായ സ്വപ്ന, സന്ദീപ് നായര്‍, സരിത്ത് എന്നിവരും എന്‍ഫോഴ്സുമെന്റിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു.