കുമ്മനത്തിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; പരാതിക്കാരന് പണം തിരികെ നല്‍കും

കൊല്ലം: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശേഖരന്‍ പ്രതിയായ സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കാമെന്ന് സ്ഥാപന ഉടമ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി ആറന്മുള സ്വദേശിയാണ് കുമ്മനം രാജശേഖരന്‍ അടക്കമുള്ളവരെ പ്രതികളാക്കി പരാതി നല്‍കിയത്. കേസില്‍ കുമ്മനം അഞ്ചാം പ്രതിയാണ്. കുമ്മനത്തിന്‍റെ മുന്‍ പി.എ പ്രവീണാണ് കേസിലെ ഒന്നാം പ്രതി. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് ആറന്മുള പൊലീസ് കേസെടുത്തിരിക്കുന്നത്.

പേപ്പര്‍ കോട്ടണ്‍ മിക്‌സ് എന്ന കമ്ബനിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നു. പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ല. പാര്‍ട്ണര്‍ഷിപ്പ് ലഭിച്ചില്ലെന്നും വര്‍ഷങ്ങളോളം കാത്തിരുന്നെങ്കിലും നടപടികളൊന്നും ആകാത്തതിനാലാണ് പരാതിപ്പെടുന്നതെന്നും ഹരികൃഷ്ണന്‍ പറയുന്നു.

അതേസമയം, തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്നാണ് കുമ്മനം പ്രതികരിച്ചത്. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് എടുത്തപ്പോള്‍ പോലും തന്നോട് ഒരു വാക്ക് പോലും ചോദിച്ചിട്ടില്ല. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാരനുമായി ദീര്‍ഘനാളുകളായി പരിചയമുണ്ട്. പ്ലാസ്റ്റിക്കിനെതിരായി പ്രകൃതിദത്ത ഉല്‍പന്നം നിര്‍മിക്കുന്ന സംരംഭത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തത്. പരാതിക്കാരനെ ഒരു ഉപകരണമാക്കി മാറ്റിയതാണോ എന്ന് സംശയമുണ്ടെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related posts

Leave a Comment