കുത്തേറ്റ വനിതാ ഡോക്ട‍ർക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് കോട്ടയം സ്വദേശി വന്ദന ദാസ്

കൊല്ലം:  കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിൻ്റെ അതിക്രമത്തിനിരയായ വനിതാ ഡോക്ട‍‍ർ മരിച്ചു. ഹൗസ് സ‍ർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന ദാസ് (23) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ നാലുമണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനാകുകയും കത്രികകൊണ്ടു ഡോക്ടറെയും പോലീസുകാരെയും കുത്തിപ്പരിക്കേൽപ്പിക്കുകയും ആയിരുന്നു.

ഗുരുതര പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമണം നടത്തിയത്. ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു.

കാലിൽ മരുന്ന് വെച്ചതിന് ശേഷം പ്രതി ഡോ. വന്ദനയെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാരെയും പ്രതി ആക്രമിച്ചു. ഡോക്ടറുടെ നെ‍ഞ്ചിലും കഴുത്തിലമടക്കം ആഴത്തിൽ മുറിവേറ്റു.

ഗുരുതര പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് ഡോക്ട‍ർക്ക് മരണം സംഭവിച്ചത്.കൊല്ലത്തെ അസീസിയ മെഡിക്കൽ കോളേജിൽ ഹൗസ് സ‍ർജൻസി ചെയ്തുകൊണ്ടിരുന്ന ഡോ. വന്ദന ദാസ് ട്രെയിനിങ്ങിൻ്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഡോക്ട‍ർമാരുടെ സംഘടനയായ ഐഎംഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ ഡോക്ട‍ർമാരുടെ ജീവൻ പോകുന്നതു സ്വീകാര്യമായ കാര്യമല്ലെന്ന് ഐഎംഎ കേരള ഘടകം പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറഞ്ഞു. കൊച്ചുകുട്ടിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ഡോക്ടറെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഹൃദയമിടിപ്പ് നിലച്ചിരുന്നുവെന്നും ഡോ. സുല്‍ഫി നൂഹു പറഞ്ഞു.

ഡോക്ടറുടെ മരണത്തിൽ ഐഎംഎ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related posts

Leave a Comment