കുത്തിവെപ്പെടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് എഡിഎം നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രതികരണം.
അപൂര്‍വ്വമായി സംഭവിക്കുന്ന മരുന്നിനോടുള്ള പ്രതിപ്രവര്‍ത്തനം മൂലമുണ്ടായ അനാഫിലാറ്റിക് ഷോക്ക് ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈ വിഷയത്തില്‍ കൃത്യമായ മരണകാരണം കണ്ടു പിടിക്കുന്നതിനുള്ള അന്വേഷണത്തിനു പകരം വൈകാരിക പ്രതികരണങ്ങള്‍ക്ക് ഒപ്പം നിന്നുകൊണ്ട് ബന്ധപ്പെട്ട ഡോക്ടര്‍ക്കെതിരെ അന്യായമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്ന പക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.