ഡൽഹിയിൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കുന്നു. സെപ്റ്റംബർ ഒന്നിന് ഒമ്പതു മുതൽ 12ാം ക്ലാസുവരെ ആരംഭിക്കാനാണ് തീരുമാനം. സെപ്റ്റംബർ എട്ടിന് 6 മുതൽ 8 വരെയുള്ള ക്ലാസുകളും തുടങ്ങും. ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) യോഗത്തിലാണ് തീരുമാനം. ഡിഡിഎംഎ രൂപീകരിച്ച വിദഗ്ധ സമിതി അടുത്ത മാസം മുതൽ സ്കൂളുകൾ ഘട്ടംഘട്ടമായി വീണ്ടുംതുറക്കാൻ ശുപാർശ ചെയ്തിരുന്നു.നിലവിൽ 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രവേശനത്തിനും ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂളുകൾ സന്ദർശിക്കാൻ അനുമതിയുണ്ട്.
ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ, സീനിയർ വിദ്യാർഥികൾക്ക് ആദ്യ ഘട്ടത്തിൽ ക്ലാസ് തുടങ്ങണമെന്നും തുടർന്നു മിഡിൽ, പ്രൈമറി ഗ്രേഡ് വിദ്യാർഥികൾക്കും ക്ലാസ് തുടങ്ങണമെന്നാണ് ശുപാർശ. കഴിഞ്ഞ വർഷം ഒക്ടോബറിൽ പല സംസ്ഥാനങ്ങളും സ്കൂളുകൾ ഭാഗികമായി തുറക്കാൻ തുടങ്ങിയപ്പോൾ, ഡൽഹി സർക്കാർ ഈ വർഷം ജനുവരിയിൽ 9-12 ക്ലാസുകൾക്ക് മാത്രമേ ഫിസിക്കൽ ക്ലാസുകൾ അനുവദിച്ചിരുന്നുള്ളൂ. അതേസമയം ദുബായിൽ സ്കൂൾ തുറക്കുന്നതോടെ സ്കൂൾ ബസുകൾ സ്മാർട് സുരക്ഷാ ട്രാക്കിലേക്ക്. കുട്ടികളെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനും ബസുകളിൽ വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്മാർട് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശം നൽകി.
ബസ് ജീവനക്കാർ, സ്കൂൾ അധികൃതർ, രക്ഷിതാക്കൾ എന്നിവർക്കു പുറമേ കുട്ടികളും മാർഗനിർദേശങ്ങൾ പാലിക്കണമെന്നു ദുബായ് ടാക്സി കോർപറേഷൻ (ഡിടിസി) അറിയിച്ചു. ട്രിപ്പ് അവസാനിപ്പിക്കുമ്പോൾ ഡ്രൈവർ എല്ലാ സീറ്റുകളും പരിശോധിച്ച് കുട്ടികൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ബസുകളുടെ എണ്ണം 440 ആയി കൂട്ടിയിട്ടുണ്ട്. ഓരോ ബസിലും ഉൾക്കൊള്ളാവുന്നതിന്റെ 50% കുട്ടികളെ മാത്രം പ്രവേശിപ്പിക്കാനാണ് അനുമതി. ഇതുവരെ 7,300 കുട്ടികൾ റജിസ്റ്റർ ചെയ്തു. 22 സ്കൂളുകളുമായാണ് ഡിടിസിക്കു കരാർ. സ്കൂൾ ബസുകൾക്ക് പ്രത്യേക പരിഗണന നൽകാൻ മറ്റു വാഹനങ്ങൾ ശ്രദ്ധിക്കണം. കുട്ടികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സുരക്ഷിത അകലത്തിൽ നിർത്തുക. ഇതിനുള്ള റെഡ് സിഗ്നൽ ശ്രദ്ധിക്കണമെന്നും അധികൃതർ പറഞ്ഞു.ബസുകളിലെ പ്രത്യേകതകൾ ഇങ്ങനെയൊക്കെയാണ് ∙ബസുകളുടെ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്താനും ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാനും നൂതന സംവിധാനം. ബസിൽ കുട്ടികൾ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാൻ മുന്നിലും പിന്നിലും ക്യാമറകളും സെൻസറുകൾ. അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവർക്കു കൺട്രോൾ സെന്ററിൽ വിവരമറിയിക്കാൻ പ്രത്യേക ബട്ടൻ. ഇലക്ട്രോണിക് ട്രാക്കിങ്, റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) എന്നിവയുള്ളതിനാൽ ബസുകൾ നിശ്ചിത ട്രാക്കിലൂടെയാണോ പോകുന്നതെന്നും മറ്റും മനസ്സിലാക്കാം. ബസുകൾ ഓരോ സ്റ്റോപ്പിലും എപ്പോഴെത്തി, പുറപ്പെട്ടു എന്നെല്ലാം രക്ഷിതാക്കൾക്കും അറിയാനാകും. ട്രിപ്പിനു മുൻപും ശേഷവും ബസുകൾ അണുമുക്തമാക്കും. താപനില പരിശോധിക്കാനും സംവിധാനമുണ്ടാകും.
https://www.youtube.com/watch?v=305fyJU6obA