കുട്ടികളുടെ പരിപാലനം സ്ത്രീയുടേത് മാത്രമാവരുതെന്നും അത് രക്ഷിതാക്കള്‍ തുല്യമായി ഏറ്റെടുക്കണമെന്നും മന്ത്രി വി എന്‍ വാസവന്‍.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ തന്റെ കൈക്കുഞ്ഞുമായി മന്ത്രിയോടൊപ്പം പൊതുവേദിയിലിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.
അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയും തന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ തന്നിലേല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയോടെ നിര്‍വ്വഹിക്കാനുമുള്ള ശ്രമത്തിലാണ് ആര്യയെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കൈക്കുഞ്ഞുമായി തൊട്ടിലും കയ്യില്‍ വെച്ചായിരുന്നു ആര്യ പൊതുപരിപാടികളിലെല്ലാം അന്നേ പോകാറ്. ഓഫീസില്‍ തൊട്ടിലില്‍ കുഞ്ഞിനെ കിടത്തി, പൊതുപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒന്നും തടസ്സമല്ലെന്ന് കാണിച്ച് ആര്യ നേരത്തെയും ജനശ്രദ്ധ നേടിയിരുന്നു.
ജോലിചെയ്യുന്ന അമ്മയും അവരെ കാത്തിരിക്കുന്ന കൈക്കുഞ്ഞുമാണല്ലോ ചര്‍ച്ചകളില്‍, അതുകൊണ്ടുമാത്രം പഴയൊരു പരിപാടിയില്‍ പങ്കെടുത്ത ചിത്രം പങ്കുവയ്ക്കുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി എനിക്ക് മാത്രമല്ല ഏറ്റുമാനൂരുകാര്‍ക്കെല്ലാം അറിയാം കൈക്കുഞ്ഞുമായി ഉത്തരവാദിത്വം മറക്കാതെ ഓടിയെത്തുന്ന അമ്മയെ. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യരാജന്‍.
ഒന്‍പതുമാസം പ്രായമുള്ള സഖിമൈത്രിയെന്ന മകളുമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തുന്നത്. താന്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും അമ്മയോടൊപ്പം ഈ മകളുമുണ്ട് ചിരിയോടെ .
അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയും തന്നെ തിരഞ്ഞെടുത്ത ജനങ്ങള്‍ തന്നിലേപ്പിച്ച ഉത്തരവാദിത്വം ഭംഗിയോടെ നിര്‍വ്വഹിക്കാനുമുള്ള ശ്രമത്തിലാണ് ഇവര്‍.
ആര്യയ്‌ക്കൊപ്പം കുട്ടിക്ക് കൂട്ടായി ഭര്‍ത്താവും കൂടെ ഉണ്ടാവാറുണ്ട്. കുട്ടികളുടെ പരിപാലനം സ്ത്രീയുടേത് മാത്രമാവരുത്. അത് രക്ഷിതാക്കള്‍ തുല്യമായി ഏറ്റെടുക്കണം.
അമ്മമാര്‍ക്ക് മക്കളെ തൊഴിലിടത്തു തന്നെ പരിപാലിക്കാനാവുന്ന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളിലേക്ക് ഈ അവസരം വിനിയോഗിക്കണം.