കുഞ്ചത്തൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റില്‍; ക്രൂര കൊലപാതകത്തിന് പ്രേരിപ്പിച്ചത് അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ

കാസര്‍ഗോഡ്: കുഞ്ചത്തൂരില്‍ അംഗപരിമിതനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഭാര്യയും കാമുകനും ചേര്‍ന്നാണ് കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പയെ കൊലപ്പെടുത്തിത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ക്രൂര കൊലപാതകത്തിന് ശേഷം അപകടമരണം എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് പൊളി‍ഞ്ഞത്. തലപ്പാടി ദേവിപുരയിലെ വീട്ടില്‍വച്ചാണ് ഹനുമന്തയെ കൊലപ്പെടുത്തിയത്. ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കര്‍ണാടക സ്വദേശി അല്ലാബാഷ എന്നിവരാണ് അറസ്റ്റിലായത്.

തലപ്പാടി ദേവിപുരയിലെ വീട്ടില്‍വച്ച്‌ ഹനുമന്തയെ കൊലപ്പെടുത്തുകയായിരുന്നു. ഈമാസം അഞ്ചാം തീയതി പുലര്‍ച്ചെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച്‌ ഹനുമന്ത വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കം ഏറ്റുമുട്ടലിലേക്ക് വഴിമാറിയതോടെ ഹനുമന്തയെ ഭാര്യയും കാമുകനും ചേര്‍ന്ന് മര്‍ദിച്ചു. നിലത്തുവീണ അംഗപരിമിതന്‍ കൂടിയായ ഹനുമന്തയെ കാമുകന്‍ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. മരണവെപ്രാളത്തില്‍ ഹനുമന്ത കാലുകള്‍ നിലത്തിട്ടടിക്കുമ്ബോള്‍ ഭാര്യ കാലുകള്‍ അമര്‍ത്തിപ്പിടിച്ചെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് കാമുകന്‍റെ സ്കൂട്ടറിന് പിറകില്‍ മൃതദേഹംവച്ച്‌ പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം അകലെയുള്ള കുഞ്ചത്തൂര്‍ പദവില്‍ എത്തി. മൃതദേഹത്തിന്‍റെ കെട്ടഴിഞ്ഞതോടെയാണ് അവിടെ ഉപേക്ഷിച്ചതെന്നും സൂചനയുണ്ട്. ഇതിന് സമീപത്തായി ഹനുമന്തയുടെ സ്കൂട്ടര്‍ മറിച്ചിട്ട് വാഹനാപകടമെന്ന് വരുത്തി തീര്‍ത്തു. 23 കാരനായ കാമുകന്‍ ഇടയ്ക്കിടെ വീട്ടില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഹനുമന്ത ഇത് വിലക്കിയിരുന്നു. കൊലയ്ക്ക് ഒരാഴ്ച മുന്‍പും ഇതുസംബന്ധിച്ച്‌ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. മഞ്ചേശ്വരം പൊലീസാണ് അന്വേഷണം നടത്തിയത്.

Related posts

Leave a Comment