തിരുവനന്തപുരം; മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ വലിയ മഞ്ഞുരുകലിനാണ് സാക്ഷിയായത്.
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഏറെ നാളുകള്‍ക്കുശേഷം സൗഹാര്‍ദത്തോടെ പെരുമാറി. സ്റ്റേജില്‍ നിന്നുള്ള ഇരുവരുടേയും സംഭാഷണവും വാര്‍ത്തയായിരുന്നു.
അതിനു പിന്നാലെ മുഖ്യമന്ത്രിയെ തേടി ക്ലിഫ് ഹൗസിലേക്ക് ഗവര്‍ണറുടെ സമ്മാനപ്പൊതിയും എത്തി.
കശ്മീരില്‍ നിന്നുള്ള വിശേഷ വസ്തുക്കള്‍ അടങ്ങിയ സമ്മാനപ്പൊതിയാണ് ഗവര്‍ണര്‍ അയച്ചത്. കശ്മീരി ബ്രെഡ്, കുങ്കുമം ചേര്‍ത്ത കാവാ തേയില എന്നിവയാണു സമ്മാനപ്പൊതിയിലുണ്ടായിരുന്നത്.
സജി ചെറിയാന്റെ സത്യപ്രതിജ്ഞാചടങ്ങിനുശേഷം രാത്രിയോടെ രാജ്ഭവനിലെ ജീവനക്കാരന് വശമാണു സമ്മാനം എത്തിച്ചത്. പുതുവത്സര ആഘോഷത്തിനായി ഗവര്‍ണര്‍ കശ്മീരില്‍ പോയിരുന്നു. അവിടെനിന്നുകൊണ്ടുവന്ന വിശേഷ വസ്തുക്കളാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്.
ഇത് ആദ്യമായിട്ടല്ല ആരിഫ് മുഹമ്മദ് ഖാന് ക്ലിഫ്ഹൗസിലേക്കു സമ്മാനങ്ങള്‍ കൊടുത്തയയ്ക്കുന്നത് കോവിഡ് സമയത്ത് യുപിയിലെ സ്വന്തം നാട്ടില്‍നിന്നെത്തിച്ച മാമ്ബഴം സമ്മാനിച്ചിരുന്നു.
വലിയ പെട്ടികളില്‍ എത്തിച്ച മാമ്പഴം സഞ്ചികളിലാക്കിയാണു കൊടുത്തയച്ചത് .മുഖ്യമന്ത്രിക്കു മാത്രമല്ല, പല മന്ത്രിമാര്‍ക്കും മറ്റു പ്രധാന പദവികളിലുള്ളവര്‍ക്കും ഗവര്‍ണറുടെ സമ്മാനം എത്തിയിരുന്നു. പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് ഗവര്‍ണര്‍ കേക്കും കൊടുത്തയക്കാറുണ്ട്.