കീം ഡ്യൂട്ടി ചെയ്ത അധ്യാപിക കോവിഡ് പോസിറ്റീവ്; അധ്യാപകരും കുട്ടികളും നിരീക്ഷണത്തിൽ

പാലക്കാട് ∙ കഞ്ചിക്കോട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കേരള എൻട്രൻസ് (കീം) പരീക്ഷയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അധ്യാപകരെയും 40 വിദ്യാർഥികളെയും നിരീക്ഷണത്തിലാക്കി. കഞ്ചിക്കോട് സ്വദേശിയായ അധ്യാപികയുടെ മകളും കോവിഡ് പോസിറ്റീവാണ്. ഇവരുടെ അടുത്ത ബന്ധുവിനു തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടിലായിരുന്ന മകളെ നാട്ടിലെത്തിക്കാൻ അധ്യാപിക അവിടേക്കു പോയിരുന്നു. ഇതുവഴിയാകാം കോവിഡ്ബാധയെന്നാണു പ്രാഥമിക നിഗമനം. ഈമാസം 16നായിരുന്നു കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപ്പരീക്ഷ. കഞ്ചിക്കോട് സ്കൂളിൽ 2 ക്ലാസ് മുറികളുടെ ചുമതലയാണ് ഇവർക്കുണ്ടായിരുന്നത്. നിരീക്ഷണത്തിലിരിക്കുന്ന വിദ്യാ‍ർഥികളടക്കമുള്ളവർക്ക് ആവശ്യമെങ്കിൽ സാംപിൾ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ തിരുവനന്തപുരത്തും കോഴിക്കോട്ടും പരീക്ഷയെഴുതിയ കുട്ടികൾക്കും ചിലരുടെ മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണ് പരീക്ഷ നടത്തിയതെന്ന് വ്യാപകമായി ആരോപണമുയർന്നിട്ടുണ്ട്.

Related posts

Leave a Comment