ദമ്മാം: ദമ്മാം കിങ് ഫഹദ് കോസ്വേയില് പാസ്പോര്‍ട്ട് നടപടികള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പാസ്പോര്‍ട്ട് ഒാഫിസ് മേധാവി കേണല്‍ ദുവൈഹി അല്‍സഹ്ലി വ്യക്തമാക്കി. മേയ് 17ന് തിങ്കളാഴ്ച രാജ്യത്തെ കര, വ്യോമ, കടല്‍ കവാടങ്ങള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലായാണ് സൗദിക്കും ബഹ്റൈനുമിടയിലെ അതിര്‍ത്തി കടക്കുന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയത്.
പത്ത് ട്രാക്കുകള്‍ അധികമായി ഒരുക്കിയിട്ടുണ്ട്. ഇതോടെ ബഹ്റൈനില്‍നിന്ന് വരുന്ന ഭാഗത്തെ മൊത്തം ട്രാക്കുകളുടെ എണ്ണം 27 ആകും. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് യാത്രക്കാര്‍ നിശ്ചിത നിബന്ധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോസ്വേ പാസ്പോര്‍ട്ട് മേധാവി പറഞ്ഞു.
അതേസമയം, ബഹ്റൈനിലേക്ക് പോകുന്നവര്‍ക്ക് വേണ്ട യാത്രാനിര്‍ദേശങ്ങള്‍ കോസ്വേയില് നല്കുമെന്നു കിങ് ഫഹദ് കോസ്വേ ഒാഫിസ് വ്യക്തമാക്കി. സ്വദേശികള്‍ക്കും വിദേശികള്‍ വെവ്വേറെ പാതകളുണ്ടാകും. ഇടത് പാത സ്വദേശികള്‍ക്കും വലത്തെ പാത വിവിധ രാജ്യക്കാര്ക്കുമായിരിക്കും. യാത്രാനടപടികള്‍ എളുപ്പമാകാന്‍ മുഴുവനാളുകളും യാത്രാനിബന്ധനകള്‍ പൂര്‍ത്തിയാക്കിയതായി ഉറപ്പുവരുത്തണമെന്നും ഒാഫിസ് ഉണര്‍ത്തി. യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ട് കൗണ്ടറില്‍ ആരോഗ്യസ്റ്റാറ്റസ് ആപ് കാണിച്ചുകൊടുക്കുന്നതിനു ബഹ്റൈന്‍ പാസ്പോര്‍ട്ട് വകുപ്പുമായി സഹകരിച്ച് ഫ്രീ വൈഫൈ സൗകര്യമേര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.