കുട്ടനാട്: കിഴക്കന്‍ വെള്ളത്തിെന്റ വരവ് കൂടിയതോടെ കുട്ടനാടിെന്റ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. നിര്‍ത്താതെ ചെയ്യുന്ന മഴ കുട്ടനാടിനെ ആശങ്കയിലാക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ് വെള്ളക്കെട്ടില്‍ കക്കൂസ് മാലിന്യവും കലരുന്നത് സാംക്രമികരോഗ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
പുളിങ്കുന്ന്, കാവാലം, കൈനകരി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളുമാണ് പൂര്‍ണമായും വെള്ളത്തിലായത്. മങ്കൊമ്ബ്-കാവാലം റോഡില്‍ രണ്ടടിയോളം വെള്ളം കയറി. പ്രദേശത്തെ വീടുകളിലും വെള്ളം കയറിട്ടുണ്ട്. മങ്കൊമ്ബ് ഭഗവതിക്ഷേത്രത്തിലേക്കുള്ള റോഡുകളിലും വെള്ളത്തിലാണ്.
അതേസമയം, കുട്ടനാട്ടില്‍ കാവാലത്ത് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ തുറന്ന ആദ്യ ക്യാമ്ബില്‍ ഒരുകുടുംബം മാത്രമേയുള്ളൂ. വീട് പൂര്‍ണമായും വെള്ളത്തിലായ ഒരു കുടുംബമാണ് ക്യാമ്ബിലുള്ളത്. കോവിഡ് ഭീതി പലരെയും ക്യാമ്ബിലെത്തിച്ചിട്ടില്ല, വെള്ളക്കെട്ട് ഭീഷണി മുന്നില്‍ കണ്ട് പല കുടുംബങ്ങളും നഗരത്തിലേക്കും ബന്ധുവീടുകളിലേക്കും മാറി. മഴ തുടര്‍ന്നാല്‍ കൂടുതല്‍ ക്യാമ്ബുകള്‍ തുറക്കേണ്ട സ്ഥിതിയുമുണ്ടാകും.
എ.സി റോഡിന് വടക്കുള്ള പാടശേഖരങ്ങളില്‍ രണ്ടാം കൃഷിയില്ലാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ കെ.എസ്.ആര്.ടി.സി സര്‍വിസുകളും മുടങ്ങിയേക്കും. നീരേറ്റുപുറം-കിടങ്ങറ, വേഴപ്ര-കൊടുപ്പുന്ന റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.