കാസർകോട് വീരമലക്കുന്നിൽ മണ്ണിടിച്ചിൽ; ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടു

കാസർകോട്: കനത്ത മഴയെ തുടർന്ന് ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ രൂക്ഷമായി.

ദേശീയപാതയിലെ ഗതാഗതം കളക്ടറുടെ നിർദേശത്തെ തുടർന്ന് വഴിതിരിച്ചുവിട്ടു. ഇവിടെ തുടർന്നും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കളക്ടർ നിർദേശിച്ചു.

മുഴുവൻ യാത്രാ വാഹനങ്ങളും നീലേശ്വരത്തുനിന്ന് കോട്ടപ്പുറം പാലം വഴി ചെറുവത്തൂരിലേക്കും ചായ്യോം ഭാഗത്തുനിന്ന് അരയാക്കടവ് പാലം വഴിയും ചെറുവത്തൂർ, പയ്യന്നൂർ ഭാഗങ്ങളിലേക്കും വഴിതിരിച്ചുവിടാൻ കളക്ടർ നിർദേശം നൽകി.

നീലേശ്വരത്തുനിന്ന് ചെറുവത്തൂരിലേക്ക് ദേശീയപാത വഴി ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഗതാഗതത്തിന് അനുമതിയുള്ളത്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പെയ്ത കനത്ത മഴയിലാണ് ദേശീയപാതയോരത്തുള്ള വീരമലക്കുന്നിൽ മണ്ണിടിച്ചിൽ ആരംഭിച്ചത്. കുന്നിനു മുകളിൽ മഴവെള്ളം കെട്ടിനിന്നതോടെയാണ് താഴേക്ക് മണ്ണും വെള്ളവും ഒലിച്ചുവന്നത്.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഇവിടെ കുന്നിടിച്ചിരുന്നു. ബാക്കിയുള്ള ഭാഗത്താണ് ഇപ്പോൾ മണ്ണിടിച്ചിൽ രൂക്ഷമായിരിക്കുന്നത്. അടിഭാഗം ഇടിഞ്ഞതിനാൽ മുകൾഭാഗം താഴേക്ക് പതിക്കും എന്ന ഭീതിയിലാണ്.

ഇതേത്തുടർന്ന് ജില്ലാ കളക്ടർ എത്തി ഗതാഗതം വഴിതിരിച്ചുവിട്ടു.കുന്നിനു സമീപത്തെ ശ്മശാന ഭൂമിയിലെ കെട്ടിടം ഏതു നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്.

മണ്ണും വെള്ളവും റോഡിലേക്ക് ഒഴുകാതിരിക്കാൻ കല്ലും മണ്ണും തീർത്ത തടയണ ഉണ്ടാക്കിയിരുന്നെങ്കിലും കനത്ത മഴയിൽ അതും തകർന്നു. മഴക്കാലത്തും വേനൽക്കാലത്തും ശുദ്ധജലസ്രോതസായിരുന്ന താഴ്വാരം സംരക്ഷിക്കണമെന്ന് നാട്ടുകാരും പരിസ്ഥിതി സ്നേഹികളും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അതിനുള്ള നടപടി സ്വീകരിക്കാൻ ദേശീയപാതാ അധികൃതർ തയ്യാറായില്ലെന്നും പരാതിയുണ്ട്.കുന്നിടിച്ച് 30 ലക്ഷം മെട്രിക് ടൺ മണ്ണെടുക്കാനായിരുന്നു ആദ്യം അനുമതി നൽകിയിരുന്നത്.

എന്നാൽ അതിന്റെ ഇരട്ടിയോളം മണ്ണ് കടത്തിക്കൊണ്ടുപോയെന്ന് നാട്ടുകാരും ആരോപിക്കുന്നു. പ്രദേശത്തെ വനം വകുപ്പിന്റെ ഭൂമിയൊഴിച്ച് മറ്റുള്ള സ്ഥലങ്ങളിലെ മണ്ണെല്ലാം ദേശീയപാതക്കായി ഉപയോഗിച്ചിട്ടുണ്ട്.

ജില്ലയുടെ സ്വപ്നപദ്ധതിയായ ഇക്കോ ടൂറിസം ആവിഷ്കരിച്ചിരുന്ന കുന്നാണ് ദേശീയപാതയ്ക്കായി വിട്ടുകൊടുത്തത്. മഴ തുടർന്നാൽ മണ്ണിടിച്ചിൽ രൂക്ഷമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

Related posts

Leave a Comment