കാസര്‍കോട്: സമ്ബര്‍ക്കത്തിലൂടെ ഉള്‍പ്പെടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ നിയന്ത്രണം ശക്തമാക്കി. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള അതിര്‍ത്തി റോഡുകളിലെ എല്ലാ പാലങ്ങളും അടച്ചു. ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ പോലീസ് ചെക്ക്‌പോസ്റ്റ് എര്‍പ്പെടുത്തി വാഹനങ്ങള്‍ പരിശോധിച്ച് രോഗികളുമായി പോകുന്നവ മാത്രമാണ് കടത്തിവിടുന്നത്.
ദേശീയപാത ഒഴികെ കണ്ണുരുമായി ബന്ധിപ്പിക്കുന്ന പാതകളെല്ലാം അടച്ചിരിക്കുകയാണ്. ഒളവറ സലിച്ചാലം, തട്ടാര്‍ക്കടവ്, പാലാവയല്‍, ചെറുപുഴ-ചിറ്റാരിക്കാല്‍ പാലങ്ങളാണ് അടച്ചത്. മുന്നറിയിപ്പില്ലാതെ പാലങ്ങളും റോഡുകളുമടച്ചത് യാത്രക്കാരെ വലച്ചു. കോവിഡ് വ്യാപന ഭീതിക്കിടെ കാസര്‍കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ പൊതുഗതാഗത നിയന്ത്രണം പ്രാബല്യത്തില്‍ വന്നു.
ഇന്നലെ കാസര്‍കോട്ട് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കാസര്‍കോട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് അഞ്ച് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ഇതിലാണെങ്കില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു. ജില്ലയില്‍ പൊതുഗതാഗതം നിരോധിച്ചു എന്ന തരത്തിലും പിന്നീട് നിയന്ത്രണം ഏര്‍പ്പെടുത്തി എന്നുമുള്ള അധികൃതരുടെ നിലപാട് ആശയകുഴപ്പത്തിനിടയാക്കി. ദീര്‍ഘദൂരത്തുള്ള കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ജോലിക്കെത്തിയില്ല. കോവിഡ് കാലത്ത് 51 സര്‍വീസുകളാണ് കെഎസ്‌ആര്‍ടിസി നടത്തുന്നത്. ഇന്നലെ എന്‍ട്രന്‍സ് പരീക്ഷയുള്ളതിനാല്‍ രണ്ട് സര്‍വീസുകള്‍ അധികം നടത്തി. സാധാരണ 2.60 ലക്ഷം രൂപ വരുമാനമുള്ളിടത്ത് കൂടുതല്‍ സര്‍വീസ് നടത്തിയിട്ടും 2.25 ലക്ഷം രൂപയെ ഇന്നലെ വരുമാനമുണ്ടായുള്ളു.
സ്വകാര്യ ബസുടമകള്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കാസര്‍കോട് താലൂക്കില്‍ മാത്രം 200ഓളം സര്‍വീസ് നടത്തിയിടത്ത് കോവിഡ് കാലത്ത് 30ഓളം ബസുകള്‍ മാത്രമേ സര്‍വീസ് നടത്തിയുള്ളു. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ യാത്രക്കാര്‍ വരാന്‍ മടിക്കുന്നതിനാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഇതോടെ ബസിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ വലിയ ദുരിതത്തിലാണ്. ബസും ഓട്ടോയും ഇല്ലാത്തതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇന്നലെ പരിശോധനക്കെത്തിയവരുടെ എണ്ണം നന്നേ കുറഞ്ഞു. സാധാരണ 200ഓളം പേരെത്തുന്നിടത്ത് ഇന്നലെ വിരലിലെണ്ണാവുന്നവര്‍ മാത്രമേയെത്തിയുള്ളു.
ജില്ലയില്‍ ഗതാഗത നിയന്ത്രണം സംബന്ധിച്ച അറിയിപ്പിലെ ആശയക്കുഴപ്പം പലരെയും ബുദ്ധിമുട്ടിലാക്കി. കാസര്‍കോട് മുതല്‍ തൊക്കോട്ട് വരെ പൊതുഗതാഗത നിരോധനവും കാസര്‍കോട് മുതല്‍ കാലിക്കടവ് വരെ പൊതു ഗതാഗത നിയന്ത്രണവും എന്നായിരുന്നു ഇന്നലെ രാവിലെ അറിയിച്ചത്. എന്നാല്‍ നിരോധനമില്ല നിയന്ത്രണം മാത്രമാണ് എന്ന അറിയിപ്പ് പിന്നാലെ വന്നു. നിയന്ത്രണം എന്തൊക്കെയാണെന്ന് വ്യക്തമാവാത്തതിനാല്‍ പലരും ഇന്നത്തെ യാത്ര തടസപ്പെടുമോയെന്ന് കരുതി അനിശ്ചിതത്വത്തിലായി. വൈകിട്ടാണ് ജില്ലാ കലക്ടറുടെ വീഡിയോ സന്ദേശം ഉണ്ടായത്.
ദേശീയപാതയില്‍ നിരോധനം ഇല്ലെന്നും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുകയോ ആളുകളെ കയറ്റുകയോ ചെയ്യരുതെന്നുമായിരുന്നു സന്ദേശം. മറ്റിടങ്ങളില്‍ അതാത് പോലീസ് ഹൗസ് ഓഫീസര്‍മാര്‍ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദ്ദേശമനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.