കാസര്‍കോട്ട് 84 ശതമാനം കോവിഡ് രോഗികള്‍ രോഗവിമുക്തരായി; ഇനി ചികിത്സയില്‍ ഉള്ളത് 26 പേര്‍മാത്രം

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ ഇതുവരെയുള്ള 172 രോഗികളില്‍ നിന്നും 146 പേര്‍ രോഗവിമുക്തരായി. ഈ 146 പേരില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് 86 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും 33 പേരും കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും എട്ടു പേരും പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് 17 പേരും കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് പേരും രോഗവിമുക്തരായി. അതായത് ജില്ലയില്‍ ആകെയുള്ള രോഗികളില്‍ 84.88 ശതമാനം പേര്‍ രോഗവിമുക്തരായി. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ചുഭേദമാക്കിയെന്ന അപൂര്‍വ്വ നേട്ടമാണ് ജില്ല ഇതോടെ കരസ്ഥമാക്കിയത്.
ഇനി ചികിത്സയില്‍ ഉള്ളത് 26 പേര്‍മാത്രം. ഇവരില്‍ 9 പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 12 പേര്‍ കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിലും നാല് പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഒരാള്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ ഉള്ളത്. മാര്‍ച്ച്‌ പകുതിയോടെയാണ് ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ കോവിഡിന്റെ വരവ് ആരംഭിച്ചത്. ഓരോ ദിവസവും ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവന്നതോടെ പഴുത്തടച്ച നടപടികളുമായി ജില്ലാഭരണം മുന്നിട്ടിറങ്ങി. ആദ്യ ഘട്ടത്തില്‍ ജില്ലയിലേക്കുള്ള 12 അതിര്‍ത്തി റോഡുകള്‍ അടയ്ക്കുകയും അഞ്ച് അതിര്‍ത്തി റോഡുകളില്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്തു. പിന്നീട് ജില്ലയിലെ 17 പോലീസ് സ്റ്റേഷന്‍ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളുടെയും അവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാനങ്ങളുയെയും സേവനം നിര്‍ത്തിവെപ്പിച്ചു.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് പഞ്ചായത്തുകളായ മധൂര്‍,ചെമ്മനാട്, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, പള്ളിക്കര, ഉദുമ എന്നിവിടങ്ങളിലും കാസര്‍കോട് നഗരസഭയിലും ആദ്യം ഡബിള്‍ ലോക്കും പിന്നീട് ത്രിബിള്‍ ലോക്കും ഏര്‍പ്പെടുത്തി പോലീസ് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തി. കോവിഡ് പരിശോധനാ ഫലം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഏപ്രില്‍ മൂന്നിന് പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ പരിശോധനാ ലാബ് ആരംഭിച്ചു . ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചതില്‍ ഏറെയും വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരായിരുന്നു. പിന്നീട് സമ്ബര്‍ക്കം വഴിയും രോഗം ജില്ലയില്‍ പടര്‍ന്നു.

രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചതോടെ ഏപ്രില്‍ ആറിന് ബദിയടുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ വിഷുദിനത്തില്‍ കാസര്‍കോട് വനിതാ പോലീസ് സ്റ്റേഷനും പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കറിന്റെ സഹകരണത്തോടെ ടാറ്റാ ഗ്രൂപ്പ് ചെമ്മനാട് തെക്കില്‍ വില്ലേജില്‍ കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണവും ആരംഭിച്ചു.

നിതാന്ത ജാഗ്രതയുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗ ബാധിതരുടെ എണ്ണം കുറയുകയും ചികിത്സയിലുള്ളവരുടെ രോഗം ഭേദമാകുകയും ചെയ്തു. സര്‍ക്കാറിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച്‌ യഥാര്‍ത്ഥ്യമാക്കിയ ഈ കാസര്‍കോട് മോഡലിനെ തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും അന്തര്‍ദേശീയ മാധ്യമങ്ങളുടെയും പ്രശംസയും എത്തി.

Related posts

Leave a Comment