കാവ്യയെ മരണത്തിലേക്ക് ഇടിച്ചിട്ട വിഷ്ണു പിടിയിൽ

തൃപ്പൂണിത്തുറ: ഇന്നലെ രാവിലെ തൃപ്പൂണിത്തുറയില്‍ സ്കൂട്ടര്‍ യാത്രക്കാരിയുടെ ജീവനെടുത്ത അപകടത്തിന് കാരണക്കാരായ ബൈക്ക് യാത്രക്കാരന്റെയും സ്വകാര്യ ബസ് ഡ്രൈവറുടെയും പേരില്‍ പൊലീസ് കേസെടുത്തു.

യുവതിയുടെ സ്കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്ത് അപകടമുണ്ടാക്കിയ കാഞ്ഞിരമറ്റം കൊല്ലം പറമ്പിൽ കെ.വി.വിഷ്ണു (29)വിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്താണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ 8.45ന് എസ്.എന്‍ ജംഗ്ഷന് പടിഞ്ഞാറു വശത്തെ അലയന്‍സ് ജംഗ്ഷനിലെ യൂ ടേണില്‍ സ്കൂട്ടര്‍ ഓടിച്ചുവന്ന ഉദയംപേരൂര്‍ നടക്കാവ് എസ്.എന്‍.ഡി.പി സ്കൂളിനു സമീപം സിദ്ധാര്‍ത്ഥം വീട്ടില്‍ സിബിന്റെ ഭാര്യ കാവ്യയാണ് (26) അപകടത്തില്‍ മരിച്ചത്.

പിന്നാലെ വന്ന ബൈക്ക് ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത് അശ്രദ്ധമായി യൂടേണ്‍ എടുക്കാന്‍ ശ്രമിക്കവെ കാവ്യയുടെ സ്കൂട്ടര്‍ ബൈക്കിനു പിന്നില്‍ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു.

പിന്നാലെ വന്ന സെന്റ് ബേസില്‍ ബസ് കാവ്യയുടെ തലയില്‍ തട്ടി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

2020ല്‍ ഉദയംപേരൂര്‍ കണ്ടനാട് ബൈക്കിടിച്ച്‌ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച കേസിലും വിഷ്ണു പ്രതിയാണ്. അന്ന് മൂന്നുമാസത്തേക്ക് ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇടപ്പള്ളി പത്തടിപ്പാലത്തെ വാഹന സര്‍വീസ് സെന്ററില്‍ മെക്കാനിക്കാണ് വിഷ്ണു.

അപകടത്തിനുശേഷം ബൈക്കുമായി കടന്ന വിഷ്ണുവിനെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്കൂട്ടറിനു പിന്നില്‍ മതിയായ അകലം പാലിക്കാത്തതിനാണ് ബസ് ഡ്രൈവര്‍ കാഞ്ഞിരമറ്റം മുതലക്കുഴിയില്‍ സുജിത്തി (38)നെതിരെ കേസെടുത്തത്.

ബസിനുള്ളിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യുട്ടീവാണ് കാവ്യ. ഭര്‍ത്താവ് സിബിന്‍ കോട്ടയം ബജാജ് ഫിനാന്‍സ് മാനേജരാണ്.

മകന്‍ സിദ്ധാര്‍ത്ഥ് ഉദയംപേരൂര്‍ കൊച്ചുപള്ളി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ ശ്മശാനത്തില്‍.

തൃപ്പൂണിത്തുറ നടമ ചാത്താരിയില്‍ പരേതനായ പരുത്തിയില്‍ ധനേഷിന്റെയും സുധയുടെയും മകളാണ് കാവ്യ. രണ്ടു വര്‍ഷം മുൻപാണ് വീട് നിര്‍മ്മിച്ച്‌ ഉദയംപേരൂരിലേക്ക് താമസം മാറ്റിയത്.

Related posts

Leave a Comment