കൊല്ലം: കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഏഴു വയസുകാരിയുടെ മരണത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി.
22നാണ് എഴുകോണ്‍ മാറനാട് കുറ്റിയില്‍ വീട്ടില്‍ സി.എസ്. സജീവ്കുമാറിന്റെയും വിനിതയുടെയും മകള്‍ ഏഴ് വയസുകാരി ആദ്യ എസ്. ലക്ഷ്മിയെ കടപ്പാക്കടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചത്. രണ്ട് ശസ്ത്രക്രിയ നടത്തിയാല്‍ കുഞ്ഞിന്റെ കാലിലെ വളവ് മാറ്റാമെന്ന് ഡോക്ടര്‍മാര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ചിരുന്നു. ഇതിനായി ലക്ഷങ്ങള്‍ ചെലവാകുമെന്നും ആശുപത്രി മാനേജ്മെന്റ് പറഞ്ഞു. നിര്‍ധന കുടുംബമായ ഇവര്‍ പലരില്‍നിന്നും പലിശയ്ക്കു കടം വാങ്ങിയാണ് ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
23ന് ഉച്ചയ്ക്ക് 2.30ന് ഓപ്പറേഷന് തീയേറ്ററിലേക്ക് കൊണ്ടുപോയി. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാതൊരുവിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറോട് തിരക്കിയപ്പോഴാണ് ശസ്ത്രക്രിയയ്ക്കിടെ കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായതായി അറിയിച്ചത്. മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ മേവറത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തുംമുമ്ബേ കുട്ടി മരിച്ചു. അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ചികിത്സയിലും അനസ്തേഷ്യ നല്‍കിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കാന്‍ എത്തുമെന്നറിഞ്ഞതോടെ ആശുപത്രിക്ക് മുന്നില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് നിന്നും മൃതദേഹവുമായി എത്തിയ ആംബുലന്‍സ് കല്ലുംതാഴം ജംഗ്ഷനില്‍ പോലീസ് തടഞ്ഞ് പോലീസ് അകമ്ബടിയോടെ കുട്ടിയുടെ വീട്ടിലേക്ക് തിരിച്ചയച്ചു. അറസ്റ്റു ചെയ്തവരെ വിട്ടയയ്ക്കാതെ വീട്ടിലെത്തിയ ആംബുലന്‍സില്‍ നിന്നും മൃതദേഹം പുറത്തെടുക്കാന്‍ നാട്ടുകാരും ബന്ധുക്കളും തയാറായില്ല. എഴുകോണ്‍ സിഐ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബന്ധുക്കളെ വിട്ടയച്ച ശേഷമാണ് മൃതദേഹം സംസ്കരിക്കാനായി എടുത്തത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ആശുപത്രിക്ക് മുന്നില്‍ എസിപി പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു.