കൊച്ചി: കനത്ത മഴയിൽ സംസ്ഥാനത്ത് കടലാക്രമണ ഭീഷണിയും രൂക്ഷമാകുന്നു. ശക്തമായ കടൽഭിത്തിയില്ലാത്തതു മൂലം വേലിയേറ്റ സമയത്ത് കടൽവെള്ളം വീടുകളിലേക്ക് ഇരച്ചു കയറുന്നതിനാൽ രണ്ടു ദിവസമായി പ്രതിഷേധത്തിലാണ് കണ്ണമാലി തീരദേശവാസികൾ.
കണ്ണമാലി പൊലീസ് സ്റ്റേഷനു സമീപമാണ് റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം. വേലിയേറ്റം ചെറുക്കുന്നതിനായി താൽക്കാലികമായെങ്കിലും സുരക്ഷയൊരുക്കണമെന്നാണ് ആവശ്യം.
മഴ ശക്തമാകുന്നതിനാൽ രണ്ടു ദിവസമായി വീടുകളെല്ലാം കടലാക്രമണ ഭീതിയിലാണ്.
ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിലാണ് സമരം.ഞങ്ങളെല്ലാം ഒരുമിച്ചാണ് ചാക്കിൽ മണ്ണു നിറച്ച് വാടം കെട്ടി അതിനു മുകളിൽ ജെസിബി കൊണ്ടു മണ്ണുകോരിയിട്ട് രണ്ടു മൂന്നു കൊല്ലം കടലിനെ തടുത്തുനിർത്തിയത്.
ഞങ്ങളുടെ അച്ഛനമ്മമാരും ഞങ്ങളെല്ലാംവരും ഇങ്ങനെയാണ് കടലിലെ തടഞ്ഞു നിർത്തിയത്.
എന്നാൽ രണ്ടു കൊല്ലമായി ദേഹവേദന കാരണം ഒന്നും ചെയ്യാൻ കഴിയുന്നില്ല.
കുറേ വർഷങ്ങളായി ഈ കടൽഭിത്തിയുണ്ടാക്കി കടൽ തടുത്തു നിർത്തിയത് ഞങ്ങളാണ്, ആരും സഹായത്തിന് വന്നിട്ടില്ല.
എന്നാൽ ഇപ്പോൾ എല്ലാവർക്കും പ്രായവുമായി, അസുഖങ്ങളുമായി.
ചെല്ലാനത്തുകാർ ചെയ്തതു പോലെ ഞങ്ങളും ഇവിടെ സമരം ചെയ്യും, മരണം വരെ സമരം ചെയ്യും.
ചെല്ലാനത്ത് അവര് നിലവിളിച്ചതുകൊണ്ടാണ് അവർക്ക് കടൽഭിത്തി കെട്ടി നൽകിയയത്. ചെല്ലാനത്ത് ചെയ്യാമെങ്കിൽ തൊട്ടടുത്തുള്ള ഇവിടെ എന്തുകൊണ്ട് ലഭിക്കുന്നില്ല.
ഇവിടെ കുറേ പേര് മരിച്ചു വീണാലും ഇത് തുടരും. എന്തായാലും ഞങ്ങള് ഇറങ്ങും. ഞങ്ങൾക്ക് കിറ്റും വേണ്ട പൈസയും വേണ്ട ഒന്നും വേണ്ട.
ഞങ്ങളെല്ലാവരും അധ്വാനിച്ചാണ് ജീവിക്കുന്നത്. മക്കളെ വളർത്താനാണ് പണം മിച്ചം വയ്ക്കുന്നത്.
അത് വീടുകെട്ടി തീരുവാണ്. ഞങ്ങൾക്ക് ഞങ്ങടെ തീരം വേണം, ഞങ്ങടെ വീടു വേണം. ഈ തീരം വിടാൻ ഞങ്ങൾക്ക് പറ്റില്ല’– പ്രതിക്ഷേധക്കാർ പറയുന്നു.റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തിയാണ് കണ്ണമാലിയിൽ പ്രതിഷേധം അരങ്ങേറുന്നത്.
പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണെന്നും വീടു മുഴവൻ വെള്ളം കയിറിയിരിക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു. കുട്ടികളുമായാണ് മഴ പെയ്യുന്ന സമയത്തും അമ്മമാർ പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്.
കുട്ടികളുടെ പഠനസാഹചര്യങ്ങളും വീട്ടിലെ ഭക്ഷണസാധനങ്ങൾ അടക്കം ഒഴുകിപ്പോയെന്നും ഇവർ പറയുന്നു. പരിഹാരം ലഭിക്കാതെ തിരികെ പോകില്ലെന്നാണ് പ്രതിഷേധക്കാർ അറിയിച്ചത്.
ചെല്ലാനം ഭാഗത്ത് കടൽഭിത്തി വന്നതിനാൽ ഇവിടെയും വരുമെന്ന് പ്രതീക്ഷയുണ്ടെന്നും എന്നാൽ സർക്കാർ തങ്ങൾക്കു നേരെ കണ്ണടയ്ക്കുകയാണെന്നും കണ്ണമാലിയിൽ പ്രതിഷേധിക്കുന്നവർ പറയുന്നു.
ചെല്ലാനം മുതൽ പുത്തൻതോട് വരെയാണ് ടെട്രാപോഡ് സംവിധാനം നിലവിലുള്ളത്. നിർമാണത്തിന്റെ രണ്ടാം ഘട്ടത്തിൽ ടെട്രാപോഡ് കണ്ണമാലിയിലേക്കും വ്യാപിപ്പിക്കുമെന്നാണ് അറിയിച്ചത്.
ഇതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണം തുടങ്ങാൻ കാലതാമസമുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.