കാര്‍ വാങ്ങാനെത്തിയപ്പോള്‍ ഷോറൂം ജീവനക്കാരന്‍ അപമാനിച്ച കര്‍ഷകന്‍ പുത്തന്‍ ബൊലേറോ പിക്കപ്പ് വാങ്ങിച്ചു, അതും തന്നെ കളിയാക്കിയ അതേ ഷോറൂമില്‍ നിന്ന്

ബംഗളൂരു: ബൊലേറോ പിക്ക് അപ്പ് വാങ്ങാനെത്തിയ കര്‍ണാടകയിലെ കര്‍ഷകനെ തുമകുരുവിലെ മഹീന്ദ്ര ഷോറൂം ജീവനക്കാരന്‍ അപമാനിച്ചത് വലിയ വാ‌ര്‍ത്തയായിരുന്നു.

മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്രയുടെ അടുത്ത് വരെ എത്തിയ വിവാദം ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. തന്നെ അപമാനിച്ച അതേ ഷോറൂമില്‍ നിന്ന് തന്നെ മഹീന്ദ്രയുടെ പുത്തന്‍ ബൊലേറോ പിക്ക് അപ്പ് സ്വന്തമാക്കിയിരിക്കുകയാണ് കഥാനായകനായ കെംപഗൗഡ എന്ന കര്‍ഷകന്‍.

ഇന്നലെയാണ് കെംപഗൗഡയ്ക്ക് ഷോറൂമില്‍ നിന്ന് വാഹനം എത്തിച്ച്‌ കൊടുത്തത്. ഷോറൂം മാനേജര്‍ അടക്കമുള്ള നിരവധിപേര്‍ നേരിട്ട് എത്തിയാണ് തനിക്ക് വാഹനം കൈമാറിയതെന്നും എല്ലാവരും തന്നോട് നല്ല രീതിയില്‍ തന്നെയാണ് പെരുമാറിയതെന്നും അന്ന് തനിക്ക് നേരിട്ട അപമാനത്തിന് അവര്‍ ക്ഷമ ചോദിച്ചുവെന്നും കെംപഗൗഡ പറഞ്ഞു. വാഹനം എടുക്കുന്നതിന് വേണ്ടി ഒരു ലോണ്‍ ഏര്‍പ്പാടാക്കി തരുന്നതിനും ഷോറൂംകാര്‍ സഹായിച്ചുവെന്നും രണ്ട് ലക്ഷം രൂപ ഡൗണ്‍പേയ്മെന്റ് മാത്രം അടക്കേണ്ടി വന്നുള്ളൂവെന്നും അദ്ദേഹം ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മാസം 19,000 രൂപ വച്ച്‌ 48 തവണകളായി ബാക്കിയുള്ള തുക അടച്ചുതീര്‍ക്കുമെന്നും കെംപഗൗഡ വ്യക്തമാക്കി.

കെംപഗൗഡയ്ക്ക് നേരിട്ട അപമാനത്തെ തുടര്‍ന്ന് ഷോറൂം പ്രതിനിധികളുടെ മീറ്റിംഗില്‍ അതിരൂക്ഷമായാണ് കമ്ബനി ഉടമ ആനന്ദ് മഹീന്ദ്ര പ്രതികരിച്ചത്. ഷോറൂമിനെതിരെ അന്വേഷണവും തുടര്‍നടപടികളും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജനുവരി 21നാണ് സംഭവം നടക്കുന്നത്. തന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടി മഹീന്ദ്രയുടെ ബൊലേറോ പിക്ക് അപ്പ് ട്രക്ക് വാങ്ങുന്നതിന് വേണ്ടി തുമകുരുവിലുള്ള ഷോറൂമിലെത്തിയ കെംപഗൗ‌ഡയെ ഷോറൂം ജീവനക്കാരന്‍ അപമാനിക്കുകയായിരുന്നു.

ആവശ്യപ്പെട്ട വാഹനത്തിന് പത്ത് ലക്ഷം രൂപയെങ്കിലും ആകുമെന്നും എന്നാല്‍ കെംപഗൗഡയെ കണ്ടാല്‍ പത്ത് രൂപ പോലും കൈയില്‍ ഇല്ലാത്ത വ്യക്തിയാണെന്ന് ആര്‍ക്കും മനസിലാകുമെന്നും ജീവനക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരനുമായി വാക്കേറ്റത്തിലേര്‍പ്പെട്ട കെംപഗൗഡയും കൂട്ടുകാരനും പത്ത് ലക്ഷം രൂപയുമായി മടങ്ങിവന്നാല്‍ ഇന്ന് തന്നെ വാഹനം ലഭിക്കുമോ എന്ന് ജീവനക്കാരനോട് ചോദിച്ചു. കെംപഗൗഡയ്ക്ക് പണം എത്തിക്കാന്‍ സാധിക്കില്ലെന്ന് കരുതിയ ജീവനക്കാരന്‍ അത് സമ്മതിക്കുകയും ചെയ്തു.

ഒരു മണിക്കൂറിന് ശേഷം പത്ത് ലക്ഷം രൂപയുമായി കെംപഗൗഡയും സുഹൃത്തും ഷോറൂമില്‍ മടങ്ങിയെത്തി. എന്നാല്‍ ജീവനക്കാരന് നേരത്തെ സമ്മതിച്ചതു പോലെ വാഹനം നല്‍കാന്‍ സാധിച്ചില്ല. അതിന് കാരണം ഒരു മഹീന്ദ്ര വാഹനം ബുക്ക് ചെയ്ത് ഉപഭോക്താവിന്റെ കൈയില്‍ എത്താന്‍ മാസങ്ങളോളം എടുക്കുമെന്നത് തന്നെ. എത്രയൊക്കെ കിണഞ്ഞു ശ്രമിച്ചാലും ചുരുങ്ങിയത് നാലു ദിവസം എങ്കിലും കഴിയാതെ കെംപഗൗഡയ്ക്ക് വാഹനം നല്‍കാന്‍ ഷോറൂം ജീവനക്കാരന് കഴിയില്ലായിരുന്നു.

Related posts

Leave a Comment