ലണ്ടന്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകരെ പിന്തുണച്ച് ലണ്ടനില്‍ പ്രതിഷേധം. ഓള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ട്രാഫല്‍ഗര്‍ ചത്വരത്തിലേക്ക് പ്രകടനം നടത്തി. ‘ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു’ എന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു ബ്രിട്ടനിലെ സിഖുകാര്‍ അടക്കമുളളവരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്‌തു.
പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും സമരക്കാര്‍ വഴങ്ങിയിരുന്നില്ല. കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്നും അതിനാല്‍ മുപ്പതിലധികം പേര്‍ ഒത്തുകൂടിയാല്‍ അറസ്റ്റും പിഴയും ഉണ്ടാകുമെന്നായിരുന്നു പൊലീസ് പ്രതിഷേധക്കാര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.
പ്രത്യേക അനുമതിയില്ലാതെ ആയിരങ്ങളുടെ ഈ ഒത്തുചേരല്‍ എങ്ങനെ നടന്നുവെന്നത് അടക്കമുളള പ്രശ്‌നങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധം അവസരമായി ഉപയോഗിച്ച ഇന്ത്യാ വിരുദ്ധ വിഘടനവാദികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യയിലെ കര്‍ഷകരെ പ്രത്യക്ഷത്തില്‍ പിന്തുണച്ച് പ്രതിഷേധക്കാര്‍ ഇന്ത്യാ വിരുദ്ധ അജണ്ട പിന്തുടരാനുളള അവസരമായി ഉപയോഗിച്ചു. ഇന്ത്യയിലെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധം രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് ഹൈക്കമ്മിഷന്‍ വക്താവ് വ്യക്തമാക്കി.