തിരുവനന്തപുരം: കാര്യവട്ടത്ത് ക്രിക്കറ്റ് പോരാട്ടത്തിന് ഇനി മൂന്നുനാള്‍. ഞായറാഴ്ച വൈകീട്ട് ഏഴിന് ഇന്ത്യ ട്വന്റി-20 ലോകചാമ്ബ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെ നേരിടും. കാര്യവട്ടത്തെ മൂന്നാമത്തെ അന്താരാഷ്ട്ര മത്സരമാണിത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നേരത്തേ നടന്ന രണ്ടു കളികളിലും ഇന്ത്യ വിജയിച്ചിരുന്നു.
വെസ്റ്റിന്‍ഡീസിനെതിരായ പരമ്ബരയിലെ ആദ്യമത്സരം വെള്ളിയാഴ്ച ഹൈദരാബാദില്‍ നടക്കും. ഹൈദരാബാദില്‍നിന്ന് ഇരുടീമുകളും ശനിയാഴ്ച വൈകീട്ട് 5.45-ന് തിരുവനന്തപുരത്തെത്തും. മികച്ച സ്‌കോര്‍ പിറക്കാന്‍ സാധ്യതയുള്ള വിക്കറ്റാണ് കാര്യവട്ടത്ത് ഒരുക്കുന്നത്. മഴഭീഷണിയില്ലെങ്കിലും മഴയെ നേരിടാനാവശ്യമായ സജ്ജീകരണങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു.
പൊള്ളാര്‍ഡിന്റെ വെസ്റ്റിന്‍ഡീസ്
അടിമുടി അഴിച്ചുപണിത് ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന വെസ്റ്റിന്‍ഡീസ് ടീം കാര്യവട്ടത്തെ ക്രിക്കറ്റ് പോരാട്ടത്തിനെത്തുന്നത് കീറോണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തില്‍. വെസ്റ്റിന്‍ഡീസിനെ പ്രതാപകാലത്തേയ്ക്ക് മടക്കിക്കൊണ്ടുപോകുമെന്നാണ് ക്യാപ്റ്റന്‍സ്ഥാനമേറ്റെടുത്ത് പൊള്ളാര്‍ഡ് പ്രതികരിച്ചത്. ബംഗ്ലാദേശ് പരമ്ബരയില്‍നിന്ന് വിട്ടുനിന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യയും കരുതലോടെയാകും എത്തുക.
ടിക്കറ്റുകള്‍ ശനിയാഴ്ചവരെ
മത്സരത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ശനിയാഴ്ചവരെ ബുക്കുചെയ്യാം. 32,000 ടിക്കറ്റുകളില്‍ 85 ശതമാനവും വിറ്റുതീര്‍ന്നു. 1000 രൂപയുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞു. കളിക്കാരുടെ ഡഗ് ഔട്ടിനോട് ചേര്‍ന്നുള്ള സെക്ടര്‍ ജെ-യിലെ എക്‌സിക്യുട്ടീവ് പവിലിയനിലാണ് ഇനി ടിക്കറ്റുകളുള്ളത്.
കളിക്കാരെ വളരെ അടുത്തുകാണാനും അവരുടെ സ്റ്റേഡിയത്തേക്കുള്ള വരവും പോക്കും കാണാനും സെക്ടര്‍ ജെ-യിലെ എക്സിക്യുട്ടീവ് പവിലിയനിലുള്ളവര്‍ക്ക് സാധിക്കും. കെ.സി.എ. വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേ ടി.എം. ആപ്പ്, പേ ടി.എം. ഇന്‍സൈഡര്‍, പേടിഎം. വെബ്സൈറ്റ് (www.insider.in, paytm.com, keralacricketaossciation.com) എന്നിവ വഴിയും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്കുചെയ്യാം.