കൊച്ചി : പുതുവത്സരാഘോഷങ്ങള്‍ക്കായി സിന്തറ്റിക് ലഹരി വസ്തുക്കളുടെ വന്‍ശേഖരം കൊച്ചിയിലെത്തിച്ചതായി സൂചന. എക്‌സൈസും പോലീസും പരിശോധനയും, നിരീക്ഷണവും കര്‍ശനമാക്കുമ്ബോഴും ലഹരിക്കടത്ത് നിര്‍ബാധം തുടരുകയാണ്.
പുതുവത്സര ആഘോഷവില്‍പ്പനയ്‌ക്കായി എത്തിച്ച 120 ഗ്രാം എം ഡി എം എ യുമായി യുവതിയടക്കം മൂന്ന് പേര്‍ കലൂരിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
പുതുവത്സരാഘോഷങ്ങള്‍ക്കുള്ള സിന്തറ്റിക് ലഹരികള്‍ വലിയ തോതില്‍ നേരത്തെ തന്നെ കൊച്ചിയിലേക്ക് എത്തിച്ച് കഴിഞ്ഞുവെന്നാണ് വിവരം. നഗരത്തിലെ ഫ്‌ലാറ്റുകളും, വീടുകളും വാടകയ്‌ക്കെടുത്ത് ഇവിടെ തങ്ങിയാണ് യുവാക്കളുടെ സംഘങ്ങള്‍ ലഹരി വില്‍പ്പനയില്‍ സജീവമായിരിക്കുന്നത്.
പെണ്‍കുട്ടികളെയാണ് കാരിയര്‍മാരായി കൊച്ചിയിലെ ലഹരി മാഫിയ സംഘങ്ങള്‍ ഉപയോഗിക്കുന്നതെന്നും വ്യക്തമാവുകയാണ്. കഞ്ചാവ് പൊതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍, എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ അതിമാരക ലഹരി വസ്തുക്കളിലേക്ക് മാറി.
ആദ്യം ലഹരിക്ക് അടിമയാക്കി, പിന്നീടാണ് പെണ്‍കുട്ടികളെ കാരിയര്‍മാരാക്കി മാറ്റുന്നത്. ലഹരിക്ക് പണം കണ്ടെത്താന്‍ മയക്കുമരുന്ന് വില്‍പ്പനയിലേക്ക് തിരിയുന്ന പെണ്‍കുട്ടികളുമുണ്ട്.
വില്‍പ്പനയ്‌ക്കായി ലഹരി മാറ്റുന്നതിനിടെയായിരുന്നു കലൂര്‍ ആസാദ് റോഡ് ലിബര്‍ട്ടി ലെയ്‌നിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്ന് യുവതിയും, രണ്ട് യുവാക്കളും പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന 120 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്.
ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി എത്തിച്ചതായിരുന്നു എംഡിഎംഎ. പിടിയിലായ പതിനെട്ട് വയസുള്ള ഇടുക്കി സ്വദേശിനിയെ ലഹരി സംഘം കരിയറാക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
കോഴിക്കോട് അടക്കമുള്ള നഗരങ്ങളില്‍ നടന്ന മയക്കുമരുന്ന് വേട്ടകളിലും പെണ്‍കുട്ടികളും, യുവതികളും പിടിയിലായിട്ടുണ്ട്.
ഇത്തരത്തില്‍ പെണ്‍കുട്ടികളെ കരിയര്‍മാരാക്കുന്നതോടെ പോലീസ് -ഡാന്‍സാഫ് സംഘങ്ങളുടെ സംശയത്തിലോ, നിരീക്ഷണത്തിലോ പെട്ടെന്ന് എത്തില്ലെന്നതും മയക്കുമരുന്ന് സംഘങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്.