കോവിഡ് സാഹചര്യത്തില്‍ പുറത്തിറങ്ങി വിനോദയാത്ര നടത്താന്‍ മടിക്കുന്ന ആളുകള്‍ക്ക് സുരക്ഷിതമായി കാരവാനില്‍ താമസിച്ച് യാത്ര നടത്തുന്നതിനാണ് കാരവാന് ടൂറിസം സംസ്ഥാനത്ത് ആരംഭിച്ചത്. ടൂറിസം വകുപ്പിന്റെയും സ്വകാര്യ സംരംഭകരുടെയും കാരവാനുകള്‍ ഉപയോഗിച്ച് യാത്രക്കാരെ ഇഷ്ട സ്ഥലങ്ങളിലും തിരികെയും എത്തിക്കും.
ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, അടുക്കള, കുളിമുറി, കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം കാരവനില്‍ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളെയുമായി എത്തുന്ന കാരവാനുകള്‍ ചിലയിടങ്ങളില്‍ നിര്‍ത്തിയിടുന്നത് സുരക്ഷിതമല്ല. ഇതിനാണ് കാരവാന് പാര്‍ക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പകല്‍ യാത്ര ചെയ്ത് സ്ഥലങ്ങള്‍ കണ്ട ശേഷം രാത്രി ഇവിടെ വിശ്രമിക്കാം.
2 കാരവാനുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് വാഗമണ്ണിലെ പാര്‍ക്കില്‍ നിലവിലുള്ളത്. ഘട്ടംഘട്ടമായി വികസിപ്പിച്ച് 12 വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുളള സൗകര്യമൊരുക്കും. കാരവാനുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും വെള്ളം നിറക്കാനുമുള്ള ഇടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ ഇരിപ്പിടങ്ങളും ക്രമീകരിച്ചു. ക്യാമ്ബ് ഫയറിനുള്ള സൗകര്യവും ലഭ്യമാണ്. പാര്‍ക്കുകള്‍ ക്രമീകരിക്കുന്നതിന് ടൂറിസം വകുപ്പ് സബ്സിഡിയും നല്‍കുന്നുണ്ട്.
ടൂറിസത്തിന്റെ പ്രാധാന്യം അനുസരിച്ച് അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവന് പാര്‍ക്കുകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കുന്നത്. 50 സെന്റ് ഭൂമിയാണ് കാരവന് പാര്‍ക്കുകള്‍ക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവന് പാര്‍ക്ക് അപേക്ഷകര്‍ക്ക് 7.5 ലക്ഷം രൂപ അല്ലെങ്കില്‍ നിക്ഷേപതുകയുടെ 15 ശതമാനം, അടുത്ത 100 പേര്‍ക്ക് യഥാക്രമം 5 ലക്ഷം, 10 ശതമാനം, അടുത്ത 100 പേര്‍ക്ക് 2.5 ലക്ഷം രൂപ അല്ലെങ്കില്‍ 5 ശതമാനം എന്നിങ്ങനെ സബ്സീഡി വിനോദസഞ്ചാര വകുപ്പ് അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഗ്രാമീണ ജീവിതം മനസിലാക്കി ആസ്വദിക്കാനുള്ള അവസരം കാരവാന് ടൂറിസത്തിന്റെ ഭാഗമാണ്. കൃഷി, ജലസംഭരണി, ഉള്‍നാടന്‍ മല്‍സ്യബന്ധനം, പരമ്ബരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സംരംഭങ്ങള്‍, കലാകാരന്മാര്, കുടുംബശ്രീ പോലുള്ള സംരംഭങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി വിപുലമായാണ് പദ്ധതി നടപ്പിലാക്കുന്നത്.