കാബൂളിൽ നിന്നും 150 പേരുമായി വിമാനമെത്തി, മറികടന്നത് താലിബാന്റെ 15 ചെക്ക്പോസ്റ്റുകൾ

‘‘ഞങ്ങൾ ഉറങ്ങിയിട്ട് 4 ദിവസമായി, ഏതായാലും ഇന്നു നല്ല ഉറക്കം കിട്ടും’’- 150 പേരുമായി കാബൂളിൽനിന്നുള്ള സി17 ഗ്ലോബ്മാസ്റ്റർ വിമാനം യുപിയിലെ ഹിൻഡൻ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ എംബസിയുടെയും കോൺസുലേറ്റുകളുടെയും സുരക്ഷാചുമതലയുണ്ടായിരുന്ന ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് കമാൻഡർ രവികാന്ത് ഗൗതമിന്റെ വാക്കുകളിങ്ങനെ. പാക്ക് വ്യോമപാത ഒഴിവാക്കി ഇറാൻ വഴിയായിരുന്നു യാത്ര. ഇന്ധനം നിറയ്ക്കാൻ രാവിലെ 11നു ഗുജറാത്തിലെ ജാംനഗറിൽ ഇറങ്ങി. സ്ഥാനപതി അടക്കമുള്ള യാത്രികരെ ഹാരമണിയിച്ചാണു സ്വീകരിച്ചത്. തുടർന്ന് വിമാനം യുപിയിലെ ഹിൻഡൻ വ്യോമതാവളത്തിലേക്കു പറന്നു. എംബസിയിലെയും 4 കോൺസുലേറ്റുകളിലെയും മുഴുവൻ ജീവനക്കാരും ഇതോടെ നാട്ടിലെത്തി. രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി എസ്.ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചർച്ച നടത്തിയിരുന്നു. ‘‘പറഞ്ഞറിയാക്കാനാകാത്തവിധം അപകടകരമായ സാഹചര്യം’’ എന്നാണ് മറ്റൊരു കമാൻഡോ പറഞ്ഞത്.2 സി17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ 15നു കാബൂളിലെത്തിയശേഷമാണ് അവിടെ സ്ഥിതിഗതികൾ വീണ്ടും വഷളായത്. രക്ഷാദൗത്യത്തിനുള്ള സാധ്യത മങ്ങിയിരുന്നു. അതീവസുരക്ഷാമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസി അടക്കം താലിബാന്റെ നിരീക്ഷണവലയത്തിലായിരുന്നു. ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്കു വീസ എടുത്തുകൊടുക്കുന്ന ഷാഹിർ എന്ന ഏജൻസി വരെ താലിബാൻ റെയ്ഡ് ചെയ്തു. തിങ്കളാഴ്ച നാട്ടിലെത്തിയ ആദ്യ വിമാനത്തിൽ പോകാനെത്തിയവരെ കാബൂൾ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ താലിബാൻ തടഞ്ഞിരുന്നു. ചിലരുടെ സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തിങ്കളാഴ്ച തന്നെയാണ് രണ്ടാം വിമാനം പുറപ്പെടാൻ തീരുമാനിച്ചിരുന്നതെങ്കിലും ജനക്കൂട്ടം മൂലം വിമാനത്താവളത്തിലേക്കുള്ള റോഡ് അടഞ്ഞതിനാൽ ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ഐടിബിപിയുടെ മേൽനോട്ടത്തിലായിരുന്നു താലിബാൻ നിയന്ത്രിച്ച 15 ചെക്ക്പോസ്റ്റുകൾ കടന്ന് വിമാനത്താവളത്തിലേക്കുള്ള യാത്ര. യുഎസ് നിയന്ത്രണത്തിലാണ് കാബൂൾ വിമാനത്താവളം. ഇന്നലെ രാവിലെ ഗ്രീൻ സിഗ്നൽ ലഭിച്ചതോടെ വിമാനം പറന്നുയർന്നു. യാത്രയിൽ ഐടിബിപിയുടെ 3 സ്നിഫർ നായകളുമുണ്ടായിരുന്നു. കമാൻഡോകൾ ഉപയോഗിച്ചിരുന്ന ആയുധങ്ങളും മടക്കിക്കൊണ്ടുവന്നു.