കാനഡയില്‍ എന്‍ഐഎ തേടുന്ന ഖാലിസ്താന്‍ നേതാവ് സുഖ്ദൂള്‍ സിംഗ് കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയില്‍ ഖാലിസ്താന്‍ നേതാവും ഗുണ്ടാസംഘത്തിലെ അംഗവുമായ സുഖ്ദൂള്‍ സിംഗ് കൊല്ലപ്പെട്ടു.

വിന്നിപെഗില്‍ മറ്റൊരു സംഘവുമായുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. 2017ല്‍ കാനഡയിലേക്ക് കടന്ന സിംഗ് ഖാലിസ്താന്‍ അനുകൂല സംഘടനയില്‍ ചേരുകയായിരുന്നു. സുഖ്ദൂള്‍ സിംഗിന്റെ മരണം പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചു.

പഞ്ചാബിലെ മോഗ സ്വദേശിയാണ് സുഖ്ദൂള്‍ സിംഗ്.
സുഖ ദുനെകെ എന്ന പേരില്‍ അറിയപ്പെടുന്ന സുഖ്ദൂള്‍ സിംഗ്, ഗുണ്ടാനേതാവ് ദവീന്ദര്‍ ബാംബിഹയുടെ സംഘത്തില്‍ അംഗമായിരുന്നു.

ഇന്ത്യയില്‍ എന്‍ഐഎ നോട്ടമിട്ടതോടെ വ്യാജ പാസ്‌പോര്‍ട്ടില്‍ 2017ല്‍ ഇയാള്‍ കാനഡയിലേക്ക് കടക്കുകയായിരുന്നു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ദവീന്ദര്‍ ബാംബിഹയുടെ സംഘത്തിന് ഫണ്ട് അടക്കമുള്ള സഹായങ്ങള്‍ ഇയാള്‍ ചെയ്തിരുന്നു.

സംഘത്തിലേക്ക് ആളുകളെ കൂട്ടുന്ന ജോലിയും ഇയാള്‍ ചെയ്തു. പിടിച്ചുപറി, കൊലപാതകം അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ഖാലിസ്താനി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് മറ്റൊരു ഖാലിസ്താന്‍ നേതാവ് കൂടി കൊല്ലപ്പെടുന്നത്.

ഖാലിസ്താന്‍ പ്രസ്ഥാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണെന്നും അത്തരത്തിലൊന്നിലാണ് സുഖ്ദൂള്‍ സിംഗ് കൊല്ലപ്പെട്ടതെന്നുമാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലുമായി സുഖ്ദൂള്‍ സിംഗിനെതിരെ ഇരുപതിലേറെ കേസുകളുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 14ന് കബഡി താരം സന്ദീപ് സിംഗ് നംഗലിലെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിലും ഇയാള്‍ക്കു പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു.

Related posts

Leave a Comment