കാത്തിരിപ്പിന് വിരാമം;ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും

ആലപ്പുഴ: ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആലപ്പുഴ ബൈപാസ് ഇന്ന് നാടിന് സമര്‍പ്പിക്കും. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് നിര്‍മ്മാണം ആരംഭിച്ച ബൈപ്പാസ് പല കാരണങ്ങള് മൂലം അനിശ്ചിതമായി നീളുകയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ബൈപാസിന്റെ നിര്‍മാണം വേഗത്തിലാക്കിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്ബോള്‍ ബൈപ്പാസിന്റെ 15% ജോലികള്‍ മാത്രമായിരുന്നു പൂര്‍ത്തിയായിരുന്നത്. ഭൂമിക്ക് അടിയിലുള്ള ജോലികള്‍ മാത്രമായിരുന്നു അത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ബാക്കി നിന്ന 85% പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള ചില തടസ്സങ്ങളാണ് ബൈപ്പാസ് നിര്‍മ്മാണത്തെ വീണ്ടും വൈകിപ്പിച്ചത്. 2018ല്‍ മുഖ്യമന്ത്രിയും മന്ത്രി ജി സുധാകരനും പ്രധാനമന്ത്രിയേയും കേന്ദ്ര റയില്‍വേ മന്ത്രിയേയും നേരില്‍ കണ്ട് ചര്‍ച്ച നടത്തിയാണ് തടസ്സങ്ങളുടെ കുരുക്കഴിച്ചത്. റയില്‍വേയുടെ ഭാഗത്ത് നിന്നുള്ള തടസ്സം ഇല്ലായിരുന്നെങ്കില്‍ ഒന്നര വര്‍ഷം മുന്‍പേ ബൈപ്പാസിന്റെ ഉദ്ഘാടനം സാധ്യമാകുമായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി എന്നിങ്ങനെ 344 കോടി രൂപയാണ് ആകെ അടങ്കല്‍ തുക. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴ് കോടി രൂപ കെട്ടിവെച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 4.85 കോടി രൂപ അധികമായി ലൈറ്റിനും ജങ്ഷന്‍ നവീകരണത്തിനുമായി അനുവദിച്ചാണ് ഇപ്പോള്‍ പണികള്‍ പൂര്‍ത്തിയാക്കിയത്.ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം.അതില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമുള്‍പ്പടെ 4.8 എലിവേറ്റഡ് ഹൈവേയുമുണ്ട് . ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന, സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമെന്ന ഖ്യാതിയും ആലപ്പുഴ ബൈപ്പാസിനുണ്ട്.നിര്‍മ്മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Related posts

Leave a Comment