തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിനിടെ കാണാതായ യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ കണ്ടെത്തി. കൈത്തണ്ടയിലെ ഞരമ്ബ് മുറിച്ചനിലയില്‍ ആക്കുളത്തെ കുടുംബവീടിന് സമീപത്ത് നിന്നാണ് ഗണ്‍മാണ്‍ ജയഘോഷിനെ കണ്ടെത്തിയത്. യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്നു എ.ആര്‍ ക്യാമ്ബിലെ പൊലീസുകാരനായ ജയഘോഷ്.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് കാണാതായതെന്നാണ് ബന്ധുക്കള്‍ തുമ്ബ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. കുടുംബ വീട്ടില്‍ ഉണ്ടായിരുന്ന ജയഘോഷ് സംസാരിക്കാനായി പുറത്തേക്കിറങ്ങി രണ്ടു മിനിട്ടിനകം കാണാതാകുകയായിരുന്നു. പൊലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വിച്ച് ഓഫായ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കുടുംബവീടിന്റെ പരിസരമാണ്.
ഇതിനു പിന്നാലെയാണ് ഇന്ന് കൈത്തണ്ടയിലെ ഞരമ്ബ് മുറിച്ച നിലയില്‍ പൊലീസുകാരനെ വീടിന് സമീപത്ത് നിന്നും നാട്ടുകാര്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ ആശുപത്രിയി പ്രവേശിപ്പിച്ചു. താന്‍ നിരപരാധിയാണെന്ന് വാഹനത്തില്‍ കയറ്റുന്നതിനിടെ ജയഘോഷ് വിളിച്ചു പറയുന്നുണ്ടായിരുന്നു.
മൂന്നു വര്‍ഷത്തോളമായി ജയഘോഷ് കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായി ജോലി ചെയ്യുകയാണ്. കോണ്‍സല്‍ ജനറല്‍ നാട്ടിലേക്കു പോയശേഷം അറ്റാഷേക്കായിരുന്നു ചുമതല. കോണ്‍സല്‍ ജനറല്‍ ഇല്ലാത്തതിനാല്‍ ജയഘോഷ് സ്ഥിരമായി ജോലിക്കു പോകാറില്ലായിരുന്നു. വട്ടിയൂര്‍ക്കാവിലായിരുന്നു താമസം.
ജോലിക്കു പോകാതിരുന്നാല്‍ സര്‍വീസ് പിസ്റ്റല്‍ തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സംരക്ഷണയില്‍ കുട്ടികളെയും ഭാര്യയെയും കൂട്ടി എആര്‍ ക്യാംപിലെത്തി പിസ്റ്റല്‍ തിരികെ നല്‍കി. പിന്നീട് പൊലീസ് സംരക്ഷണയില്‍ ആക്കുളത്തെ കുടുംബവീട്ടില്‍ എത്തുകയായിരുന്നു.