കാണാതായ അന്തര്‍വാഹിനിയില്‍ ബ്രിട്ടീഷ് ശതകോടീശ്വരനും? അവശേഷിക്കുന്നത് 96 മണിക്കൂറിലേക്കുള്ള ഓക്‌സിജന്‍

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി പോയി സിഗ്നല്‍ നഷ്ടപ്പെട്ട അന്തര്‍വാഹിനിയില്‍ ബ്രിട്ടീഷ് വ്യവസായിയും ശതകോടീശ്വരനുമായ ഹാമിഷ് ഹാര്‍ഡിംഗും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.

അഞ്ച് പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അന്തര്‍വാഹിനിയില്‍ 58 കാരനായ ഹാമിഷ് ഹാര്‍ഡിംഗ് ഉണ്ടായിരുന്നു എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈമാനികനും ബഹിരാകാശ വിനോദസഞ്ചാരിയും ദുബായ് ആസ്ഥാനമായുള്ള ആക്ഷന്‍ ഏവിയേഷന്റെ ചെയര്‍മാനുമാണ് ഹാമിഷ് ഹാര്‍ഡിംഗ്.

അന്തര്‍വാഹിനിയില്‍ കയറുന്നതിന് തൊട്ടുമുന്‍പ് പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഹാര്‍ഡിംഗും അപകടത്തില്‍പ്പെട്ടിട്ടുണ്ട് എന്ന് സ്ഥിരീകരിക്കുന്നത്.

ടൈറ്റാനിക്കിലേക്ക് ഇറങ്ങുന്ന ഒരു മിഷന്‍ സ്‌പെഷ്യലിസ്റ്റ് എന്ന നിലയില്‍ ആര്‍എംഎസ് ടൈറ്റാനിക് മിഷന് വേണ്ടി ഓഷ്യന്‍ഗേറ്റ് പര്യവേഷണത്തില്‍ ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് ഹാര്‍ഡിംഗ് ഞായറാഴ്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇത് കൂടാതെ പാകിസ്ഥാന്‍ വ്യവസായി ഷഹ്സാദ ദാവൂദും മകന്‍ സുലൈമാനും അന്തര്‍വാഹിനിയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

രാസവളം, വാഹന നിര്‍മാണം, ഊര്‍ജം, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ നിക്ഷേപമുള്ള പാകിസ്ഥാനിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ എന്‍ഗ്രോ കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാനാണ് ഷഹ്‌സാജ ദാവൂദ്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ബ്രിട്ടനിലാണ് ദാവൂദ് താമസിക്കുന്നത്.

ഓഷ്യന്‍ഗേറ്റിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റോക്ക്ടണ്‍ റഷ്, ഫ്രഞ്ച് പൈലറ്റ് പോള്‍-ഹെന്റി നര്‍ഗോലെറ്റ് എന്നിവരും അന്തര്‍വാഹിനിയിലുണ്ട് എന്നാണ് വിവരം.

ഫ്രഞ്ച് നാവികസേനയില്‍ കമാന്‍ഡറായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് നര്‍ഗോലെറ്റ്. 77 കാരനായ നര്‍ഗോലെറ്റ് സമര്‍ത്ഥനായ മുങ്ങല്‍ വിദഗ്ധനാണ്.

നാവികസേനയില്‍ നിന്ന് വിരമിച്ചതിന് ശേഷം, മുങ്ങിത്താണ ടൈറ്റാനിക്കിലേക്കുള്ള ആദ്യ പര്യവേഷണത്തിന് നേതൃത്വം നല്‍കിയതും ഇദ്ദേഹമാണ്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജെറ്റ് ട്രാന്‍സ്‌പോര്‍ട്ട് റേറ്റഡ് പൈലറ്റായ ആളാണ് സ്റ്റോക്ക്ടണ്‍ റഷ്. 19-ാം വയസില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് ജെറ്റില്‍ നിന്ന് ഡിസി8 ടൈപ്പ്-ക്യാപ്റ്റന്‍ റേറ്റിംഗ് നേടിയാണ് റഷ് ഈ നേട്ടം കൈവരിച്ചത്.

അതേസമയം 10432 കിലോഗ്രാം ഭാരമുള്ള കാണാതായ അന്തര്‍വാഹിനിക്ക് 13100 അടി വരെ ആഴത്തില്‍ എത്താന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

യുഎസ് നാവികസേന, യുഎസ് എയര്‍ഫോഴ്സ്, കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡ്, കനേഡിയന്‍ സൈന്യം എന്നിവയുടെ സംയുക്ത തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്.

ഞായറാഴ്ച രാവിലെയായിരുന്നു അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് തകര്‍ന്ന സ്ഥലത്തിനു സമീപം കപ്പല്‍ എത്തിയത്. പുറപ്പെടുന്ന സമയം മുതല്‍ 96 മണിക്കൂര്‍ വരെ മാത്രമാണ് ഈ അന്തര്‍വാഹിനിയില്‍ ഓക്‌സിജന്‍ സംഭരിക്കാന്‍ കഴിയൂ.

ടൈറ്റാനിക് കപ്പല്‍ മുങ്ങി ഏകദേശം 111 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ച് വീണ്ടും ഒരു രക്ഷാദൗത്യം നടക്കുന്നത് എന്നതാണ് ശ്രദ്ധേയം.

1912 ല്‍ ആണ് 2224 യാത്രക്കാരും ജീവനക്കാരുമായി ഇംഗ്ലണ്ടില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ ടൈറ്റാനിക് ആദ്യയാത്രില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിയത്. അപകടത്തില്‍ 1500 ലധികം പേര്‍ മരിച്ചിരുന്നു.

 

Related posts

Leave a Comment