എരുമേലി: കണമലയില്‍ രണ്ടുപേരുടെ മരണത്തിന് കാരണമായ വന്യജീവി ആക്രമണത്തിന് കാരണമായത് കാട്ടുപോത്തിന് വെടിയേറ്റത് മൂലമെന്ന് വനംവകുപ്പ്.
പോത്തിനെ വെടിവെച്ചവരെ പിടികൂടാനുള്ള ശ്രമം തുടങ്ങിയതായും ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്താനുമാണ് വനംവകുപ്പിന്റെ നീക്കം. ശബരിമല വനത്തില്‍ നിന്നും ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്ത് രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം ഉണ്ടായത് കഴിഞ്ഞ ദിവസമായിരുന്നു.
ഈ സംഭവത്തിന് ശേഷം പോത്തിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വെടിവെച്ചു കൊല്ലാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും നിയമം അനുസരിച്ച് അങ്ങിനെ ചെയ്യാനാകില്ലെന്നാണ് വനം വകുപ്പിന്റെയും പോലീസിന്റെയും നിലപാട്.
നായാട്ടുകാരുടെ വെടിയേറ്റതിനെ തുടര്‍ന്നുള്ള പ്രകോപനത്തിലാണ് കാട്ടുപോത്ത് നാട്ടിലിറങ്ങി ആക്രമണം നടത്തിയതന്നൊണ് വനംവകുപ്പിന്റെ നിഗമനം.
അതേസമയം ഈ ആരോപണം എരുമേലി പഞ്ചായത്ത് അധികൃതര്‍ തള്ളിയിട്ടുണ്ട്. രണ്ടുദിവസമായി കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
ഇതിനെ പിടികൂടി മയക്കുവെടിവെച്ച് കാട്ടില്‍ തന്നെ കൊണ്ടുവിടാനാണ് വനംവകുപ്പ് പറയുന്നത്. എന്നാല്‍ രണ്ടു ജീവനുകള്‍ എടുത്ത കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന നിലപാടിലാണ് നാട്ടുകാര്‍ നില്‍ക്കുന്നത്.
മയക്കുവെടിവയ്ക്കണോ അതോ കൊല്ലണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം അവസാനിച്ചിട്ടില്ല.
ജനവാസ മേഖലയില്‍ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണു കാട്ടുപോത്തിനെ സി.ആര്‍.പി.സി. 133 1 (എഫ്) പ്രകാരം വെടിവച്ചു കൊല്ലാന്‍ കലക്ടര്‍ ഉത്തരവിട്ടത്.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ചാണു കലക്ടറുടെ നടപടി. ഈ ഉത്തരവ് ഇന്നുകൂടി നിലനില്‍ക്കുമെന്നാണു കലക്ടര്‍ അറിയിച്ചത്.
ആഭ്യന്തര വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി പോലീസിന് ഉത്തരവു നടപ്പാക്കാമെന്നാണു കലക്ടറുടെ നിലപാട്. ഇതേ നിലപാടാണു റവന്യു മന്ത്രി കെ. രാജനും.
എന്നാല്‍, വന്യമൃഗങ്ങളെ വെടിവയ്ക്കാനുള്ള അധികാരം വനംവകുപ്പിനാണെന്ന നിലപാടാണു പോലീസിന്. ഇതിനാല്‍, കലക്ടര്‍ ഇറക്കിയ ഉത്തരവു നടപ്പാക്കാന്‍ പോലീസ് തയാറല്ല.
വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു മാത്രമേ വന്യമൃഗത്തെ വെടിവയ്ക്കാനുള്ള ഉത്തരവിടാനാകൂ എന്നാണു വനംവകുപ്പിന്റെ നിലപാട്.
ഇതനുസരിച്ചാണു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തന്നെ പോത്തിനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാന്‍ ഈ ഉത്തരവില്‍ പറയുന്നില്ല.
പകരം മയക്കുവെടി ഉള്‍പ്പെടെ സാധ്യമായതു ചെയ്യാനാണു നിര്‍ദേശം. പക്ഷേ, ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മാത്രമേ കാട്ടുപോത്തിനെ മയക്കുവെടിവയ്ക്കാന്‍ കഴിയൂ എന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നാട്ടുകാരുടെ വൈകാരിക പ്രതിഷേധത്തിനൊപ്പം നില്‍ക്കാന്‍ നിയമം അനുവദിക്കില്ലെന്നാണു അവരുടെ വിശദീകരണം.